തിരുവനന്തപുരം: പ്രളയക്കെടുതി കാരണം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഒഴിവാക്കിയേക്കും. പകരം ക്ലാസ് പരീക്ഷ നടത്താനും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ , ഹയര്‍ സെക്കണ്ടറി വിഭാഗമാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
എന്നാല്‍ 29 ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ മാത്രമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. നിലവില്‍ പരീക്ഷ നടത്തേണ്ടതിന് ആവശ്യമായ പാഠഭാഗങ്ങള്‍ വിദ്യാലയങ്ങളില്‍ എടുത്ത് കഴിഞ്ഞിട്ടില്ല.
നിരവധി വിദ്യാലയങ്ങള്‍ വെള്ളത്തിലാവുകയും വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകം നശിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഈ മാസം 31 ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അതിനിടയ്ക്കാണ് പ്രളയവും കാലവര്‍ഷക്കെടുതികളും വന്നത്.
തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് പല ദിവസങ്ങളിലും അവധി പ്രഖ്യാപിക്കേണ്ടി വന്നു. ഇതും അധ്യായനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പരീക്ഷമാറ്റി വെയ്ക്കാന്‍ തീരുമാനിച്ചത്.
29നാണ് ക്ലാസുകള്‍ തുറക്കുക. എന്നാല്‍ ഓണപ്പരീക്ഷ നടത്താന്‍ കൃത്യമായ സമയമില്ല. പരീക്ഷ നടത്തിയാല്‍ അത് ക്രിസ്തുമസ് പരീക്ഷയെ ബാധിക്കും. ഓണപരീക്ഷയും ക്രിസ്തുമസ് പരീക്ഷയും ഒരുമിച്ച് നടത്താനും നിര്‍ദ്ദേശമുണ്ട്.
DoolVideo