കര്‍ണാടകയില്‍ വിജയിച്ച സെക്യുലര്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ തോറ്റ ഹിന്ദുത്വ കോണ്‍ഗ്രസും; കര്‍ണാടകയും മധ്യപ്രദേശും നല്‍കുന്ന തെരഞ്ഞെടുപ്പ് പാഠങ്ങള്‍
India
കര്‍ണാടകയില്‍ വിജയിച്ച സെക്യുലര്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ തോറ്റ ഹിന്ദുത്വ കോണ്‍ഗ്രസും; കര്‍ണാടകയും മധ്യപ്രദേശും നല്‍കുന്ന തെരഞ്ഞെടുപ്പ് പാഠങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd December 2023, 1:09 pm

ബി.ജെ.പി മുന്നോട്ടുവെക്കുന്ന തീവ്രവര്‍ഗീയ നിലപാടുകളെ മൃദുഹിന്ദുത്വ നിലപാടുകള്‍ കൊണ്ട് നേരിടുന്ന രീതിയാണ് പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. രാഷ്ട്രീയം പറഞ്ഞ് ജനങ്ങളോട് വോട്ട് തേടേണ്ടതിന് പകരം ബി.ജെ.പിയുടെ തീവ്രവര്‍ഗീയതയെ മൃദുഹിന്ദുത്വ കൊണ്ട് നേരിടുക എന്നത് തന്നെയായിരുന്നു എക്കാലത്തേയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയനയം. എന്നാല്‍ ഈ സമീപനം പല ഘട്ടത്തിലും കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയം.

എന്നാല്‍ ഇതിന് വിഭിന്നമായി കോണ്‍ഗ്രസ് ഒരു നിലപാട് സ്വീകരിച്ചത് ഇക്കഴിഞ്ഞ കര്‍ണാടക നിയസഭ തെരഞ്ഞെടുപ്പിലായിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ തീവ്രഹിന്ദുത്വ വര്‍ഗീയകാര്‍ഡിറക്കിയും ജാതിപറഞ്ഞും ബി.ജെ.പി വോട്ട് തേടിയപ്പോള്‍ സാധാരണക്കാരുടെ അടിസ്ഥാനാവശ്യങ്ങള്‍ ഉന്നയിച്ചും അവരുടെ അതിജീവനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ട് വെച്ചുമായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്.

വിലക്കയറ്റം മുതല്‍ തൊഴിലില്ലായ്മ വരെയുള്ള വിഷയങ്ങളില്‍ അതിശക്തമായി പ്രതികരിക്കുന്നതിനോടൊപ്പം തന്നെ കര്‍ണാടയില്‍ തീവ്ര സെക്യുലര്‍ നിലപാട് സ്വീകരിക്കാന്‍ കൂടി കോണ്‍ഗ്രസ് ശ്രദ്ധിച്ചു. ഹിജാബ് നിരോധനത്തിനെതിരെ നിലപാടെടുത്തും സംവരണ നിലപാടില്‍ ഉറച്ചുനിന്നും ബജ് റംഗ്ദളിനെ നിരോധിക്കുമെന്നടക്കം പ്രകടന പത്രികയില്‍ പ്രഖ്യാപിക്കാനും കോണ്‍ഗ്രസ് തയ്യാറായി.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നഗരകേന്ദ്രീകൃത മണ്ഡലങ്ങളില്‍ ബി.ജെ.പി ചില വികസനങ്ങളൊക്കെ കൊണ്ടുവന്നെങ്കിലും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വോട്ടര്‍മാര്‍ കൈവിട്ടത് കോണ്‍ഗ്രസ് സ്വീകരിച്ച ഈ നിലപാടുകൊണ്ടു കൂടിയായിരുന്നു.

ഇതിനൊപ്പം ജനകീയ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധതിരിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രചരണങ്ങള്‍ വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്തി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാതെ വര്‍ഗീയത കളിച്ചാല്‍ പിടിച്ചുനില്‍ക്കാമെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസത്തെ ഈ വിധം മറികടക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തന്നെയായിരുന്നു കര്‍ണാടകയില്‍ അവര്‍ക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കിയത്.

എന്നാല്‍ മധ്യപ്രദേശിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ മാറിമറഞ്ഞു. ബി.ജെ.പിയുടെ അഴിമതികളും വികസനപദ്ധതികളില്‍ നടത്തിയ കൃത്രിമത്വവും ഭരണത്തിലെ കെടുകാര്യസ്ഥതയും ഉയര്‍ത്തുന്നതിനോടൊപ്പം ബി.ജെ.പി ഇറക്കുന്ന വര്‍ഗീയ കാര്‍ഡ് വലിച്ചുകീറി ഒരു കര്‍ണാടക മോഡല്‍ ക്യാമ്പയ്ന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പകരം ജയ് ശ്രീറാം വിളികളുമായാണ് ഇത്തവണ കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്.

ഹിന്ദു രാഷ്ട്രം’ ആവശ്യപ്പെടുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം ചീറ്റുകയും ഗോഡ്സെയെ മഹത്വവത്കരിക്കുന്നവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് സേനയുമായി കൈകോര്‍ത്തായിരുന്നു കോണ്‍ഗ്രസ് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ഒരു പതര്‍ച്ചയുമില്ലാതെ ഇറങ്ങിയത്.

പശു സംരക്ഷണവും ഗോഹത്യ വിരുദ്ധ നടപടികളും ഗോശാലകളുടെ നിര്‍മാണവും ആവശ്യപ്പെടുന്ന ബജ്‌റംഗ് സേനയുടെ ആവശ്യമെല്ലാം കോണ്‍ഗ്രസ് ഏറ്റെടുത്തു. ഇതെല്ലാം വോട്ടര്‍മാര്‍ക്ക് മുന്നില്‍ നിരത്തി.

കാവി പതാകകളും ഉച്ചത്തിലുള്ള ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങളും ഹനുമാന്‍ ചാലിസയുടെ മന്ത്രവും ഉള്ള ഒരു ഹിന്ദുത്വ കോട്ടയായി ഭോപ്പാലിലെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് മാറി. ജയ് ശ്രീറാം മുദ്രാവാക്യമുയര്‍ത്തി ബജ്‌റംഗ് സേന കോണ്‍ഗ്രസ് ഓഫീസിലേക്ക് റാലി നടത്തി.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ കമല്‍നാഥ് ഇവരെ സ്വാഗതം ചെയ്തു. കമല്‍നാഥിന് സേനാ മേധാവി ഗദ സമ്മാനിച്ചു . ഇതിന് പിന്നാലെ കോണ്‍ഗ്രസുമായുള്ള സേനയുടെ ലയനം പ്രഖ്യാപിച്ചു.

ഹിന്ദുവിരുദ്ധ പ്രതിച്ഛായ ഉണ്ടാവാതിരിക്കാനും തന്നെ തികഞ്ഞ ഒരു ഹിന്ദുവായി ചിത്രീകരിക്കാനും കമല്‍നാഥ് തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം പ്രത്യേകം ശ്രദ്ധിച്ചു. ബി.ജെ.പിയെ നേരിടാന്‍ ഹിന്ദുത്വ കാര്‍ഡിറക്കിയ കമല്‍നാഥ് തന്നെ ഹനുമാന്‍ ഭക്തന്‍ എന്നാണ് സ്വയം വിശേഷിപ്പിച്ചത്.

‘ഹിന്ദു രാഷ്ട്രം’ എന്ന ആവശ്യം നിറവേറ്റാന്‍ കോണ്‍ഗ്രസ് നടപടികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, ‘തീര്‍ച്ചയായും, ഞങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നു, ഞങ്ങള്‍ ശ്രമം തുടരും. ബി.ജെ.പി ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ വിശ്വസിച്ചത് പോലെ കോണ്‍ഗ്രസിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട് എന്ന് ബജ്‌റംഗ് സേനയുടെ നേതാവ് തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

ഒടുവില്‍ തീവ്ര വര്‍ഗീയതയും മൃദു വര്‍ഗീയതയും തമ്മില്‍ മധ്യപ്രദേശില്‍ ഏറ്റുമുട്ടി. ‘പള്ളി പൊളിക്കാന്‍ താഴുതുറന്നു നല്‍കിയത് ഞങ്ങളുടെ നേതാവായിരുന്ന രാജീവ് ഗാന്ധിയാണ്, ചരിത്രം മറക്കരുത് ‘ എന്ന് പ്രചരണ വേളയില്‍ കമല്‍നാഥ് ഉറക്കെ പ്രഖ്യാപിച്ചു.

ശ്രീരാമന്റെ സഞ്ചാര പാതയെന്ന് കരുതപ്പെടുന്നയിടങ്ങള്‍ക്കായി കോടികള്‍ വകയിരുത്തുമെന്ന പ്രഖ്യാപനവും ശ്രീലങ്കയിലെ സീത മാതാ ക്ഷേത്ര പുനരുദ്ധാരണത്തിന് 5 കോടി വകയിരുത്തുമെന്ന പ്രഖ്യാപനവും പിന്നാലെ വന്നു.

ബി.ജെ.പിയുടെ തീവ്രഹിന്ദുത്വയെ ഈ വിധം നേരിട്ട കോണ്‍ഗ്രസിനുള്ള മറുപടി ജനങ്ങള്‍ നല്‍കി. ചരിത്രം ഓര്‍മ്മിക്കാന്‍ മാത്രം ഉള്ളതല്ലെന്നും ചരിത്രത്തില്‍ പാഠങ്ങള്‍ പലതും പഠിക്കാനും കൂടിയുള്ളതാണെന്നുകൂടി കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ജനവിധി.

20 വര്‍ഷത്തോളം ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തെ കൈവിട്ടുകളഞ്ഞത് കോണ്‍ഗ്രസും ഈ വിധമുള്ള അവരുടെ നിലപാടുകളുമല്ലാതെ മറ്റെന്താണ്.

Content Highlight: Lesson learned by Congress from Karnataka Madhya Pradesh elections