| Friday, 22nd March 2019, 2:22 pm

''ഭിന്നിപ്പിക്കാനാവില്ല, ഞങ്ങള്‍ ഒന്നാണ്''; ആയിരങ്ങള്‍ പങ്കെടുത്ത പ്രാര്‍ത്ഥനയില്‍ ഖുതുബ കേള്‍ക്കാന്‍ കറുത്ത വസ്ത്രം ധരിച്ച് ജസീണ്ടയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയില്‍ ഭീകരാക്രമണം നടന്ന് ഒരാഴ്ച തികയുന്ന ഇന്ന് ജീവന്‍നഷ്ടമായവര്‍ക്കായി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയത് ആയിരങ്ങള്‍.

ഖുത്തുബ കേള്‍ക്കാനായി ജാതിമതലിംഗ വര്‍ണ ഭേദമില്ലാതെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള 5000 ത്തില്‍ അധികം ആളുകളാണ് അല്‍ നൂര്‍ പള്ളിക്ക് മുന്നിലുള്ള ഹാഗ്‌ലി പാര്‍ക്കില്‍ എത്തിച്ചേര്‍ന്നത്.

പള്ളി ഇമാം ഗമാല്‍ ഫൗദയുടെ നേതൃത്വത്തില്‍ നടന്ന ജുമുഅ ഖുതുബ ദേശീയ തലത്തില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കറുത്ത വസ്ത്രം ധരിച്ച് തല മറിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീണ്ട ആര്‍ഡനും എത്തിയിരുന്നു.


“”സലാം സമാധാനം”” ; മുസ്‌ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ന്യൂസിലന്‍ഡിലെ പത്രങ്ങള്‍


വനിതാ പൊലീസുകാരും ഇതര മതസ്ഥരും ചടങ്ങില്‍ തലമറയ്ക്കുകയും പ്രാര്‍ത്ഥനയില്‍ പങ്കുചേരുകയും ചെയ്തു. പള്ളിയിലുണ്ടായ വെടിവെപ്പില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരാജ്ഞലികള്‍ അര്‍പ്പിച്ച് രണ്ട് നിമിഷം മൗനമാചരിച്ച ശേഷമാണ് ജസീണ്ട ആര്‍ഡന്‍ സംസാരിച്ചത്. “” ന്യൂസിലന്‍ഡ് നിങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു, നമ്മള്‍ ഒന്നാണ്- പ്രസംഗത്തില്‍ ജസീണ്ട പറഞ്ഞു.

ഈ ആക്രമണം കൊണ്ട് ഒരുപക്ഷേ ഞങ്ങളുടെ ഹൃദയം തകര്‍ന്നിട്ടുണ്ടാകും. പക്ഷേ ഞങ്ങളെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല. “” നിങ്ങളുടെ കണ്ണീരിന് നിങ്ങളുടെ പിന്തുണയ്ക്ക് നിങ്ങള്‍ തന്ന ആശ്വാസ വാക്കുകള്‍ക്ക് നിങ്ങളുടെ സ്‌നേഹത്തിന് നന്ദി. പ്രധാനമന്ത്രിയുടെ കാരുണ്യം ലോക നേതാക്കള്‍ക്ക് പാഠമാണ്. ഞങ്ങളെ ചേര്‍ത്തുനിര്‍ത്തിയതിന്. ലളിതമായ ആ സ്‌കാര്‍ഫ് കൊണ്ട് ബഹുമാനിച്ചതിന്- പ്രസംഗത്തില്‍ ഇമാം ഗമാല്‍ ഫൗദ പറഞ്ഞു.

“” നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വിയോഗം ഒരിക്കലും വെറുതെയാകില്ല. അവരുടെ ശരീരത്തില്‍ നിന്ന് ചിന്തിയ രക്തം പ്രതീക്ഷയുടെ വിത്തുകള്‍ക്ക് വളമാകും. ഇതാണ് മരണപ്പെട്ടവരുടെ ബന്ധുക്കളോട് എനിക്ക് പറയാനുള്ളത്. തീവ്രവാദത്തിന് നിറമോ ജാതിയോ മതയോ ഇല്ലെന്നതിന്റെ തെളിവാണ് ഇവിടെ നടന്ന ആക്രമണം.

വെളുപ്പിന്റെ ഔന്നിത്യം ഗോളതലത്തില്‍ മനുഷ്യന് ഭീഷണിയാണ് അത് അവസാനിക്കണം. വെറുപ്പും വിദ്വേഷവുമാണ് അന്ന് അക്രമിയുടെ കണ്ണില്‍ കണ്ടത്. എന്നാല്‍ ആ വെറുപ്പ് ചോരപ്പുഴയൊഴുക്കിയ അതേ സ്ഥലത്ത് ഇന്നൊഴുകുന്നത് സ്‌നേഹമാണ്. ന്യൂസിലന്‍ഡ് എന്ന ഈ രാജ്യത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നാണ് അത് തെളിയിക്കുന്നത്”””- അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more