| Monday, 14th September 2020, 11:42 pm

'മുപ്പത്തിയാറുവര്‍ഷങ്ങള്‍ക്കിടെ പാടിയത് അമ്പതില്‍ താഴേ സിനിമാഗാനങ്ങള്‍'; ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ട് പോയെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ജി വേണുഗോപാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിനിമയില്‍ എത്തിയിട്ട് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ അമ്പതില്‍ താഴേ ഗാനങ്ങള്‍ മാത്രമാണ് ജി വേണുഗോപാല്‍ പാടിയത്. ഇത്തരത്തില്‍ കുറച്ച് പാട്ടുകള്‍ മാത്രം പാടിയതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഗായകന്‍ ജി വേണുഗോപാല്‍.

കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ജി വേണുഗോപാലിന്റെ തുറന്നുപറച്ചില്‍. 1984ല്‍ ‘ഓടരുതമ്മാവാ ആളറിയാം ‘ സിനിമയിലാണ് ആദ്യമായി താന്‍ പിന്നണി പാടുന്നത്. അതേവര്‍ഷം തന്നെ ‘പറയാനും വയ്യ പറയാതിരിക്കാനും വയ്യ ‘എന്ന സിനിമയിലും പാടി. രണ്ടിലും നാലുവരി വീതമായിരുന്നെന്നും ജി വേണുഗോപാല്‍ പറഞ്ഞു.

മുപ്പത്തിയാറുവര്‍ഷങ്ങള്‍ക്കിടെ പാടിയത് അമ്പതില്‍ താഴെ ചലച്ചിത്രഗാനങ്ങള്‍ ആണ്. പണ്ട് പലരും ഇതേ ചോദ്യം ചോദിച്ച് ഒരു ആശയക്കുഴപ്പം തന്നിലുണ്ടാക്കിയിട്ടുണ്ട്. അന്ന് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ട് പോയെന്ന് തനിക്കും തോന്നിയിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

പലരും ഒരുപാട് പാട്ടുകള്‍ പാടി. പക്ഷേ പല പാട്ടുകളും ഇന്ന് പാടിയതാരാണെന്ന് ചോദിച്ചാല്‍ പലര്‍ക്കുമറിയില്ല. എനിക്ക് അങ്ങനെ ഒരവസ്ഥ വന്നില്ല. ഞാന്‍ പാടിയ ഇരുപത്തിയഞ്ചോ അമ്പതോ പാട്ടുകള്‍ ഇന്നും ആള്‍ക്കാര്‍ക്കറിയാം. ഒരുപാട് പാട്ടുകള്‍ പാടിയിരുന്നെങ്കില്‍ ഇത്രയും ഭാവതീവ്രത ഓരോ പാട്ടിനും കൊടുക്കാന്‍ പറ്റുമായിരുന്നില്ലെന്ന് എനിക്ക് തോന്നുന്നു. അടിപൊളി പാട്ടുകളോ ക്‌ളാസിക്കലോ ഒന്നും പാടിയിട്ടില്ലെന്നും ജി വേണുഗോപാല്‍ പറഞ്ഞു.

എഴുപതുകളില്‍ എം.എസ്. ബാബുരാജും ദക്ഷിണാമൂര്‍ത്തി സ്വാമിയുമൊക്കെ സൃഷ്ടിച്ച പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഈശ്വരാ… ആ പാട്ടുകള്‍ പാടാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ‘സസ്‌നേഹം ജി. വേണുഗോപാല്‍’ എന്ന പേരില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയെ കുറിച്ചും അഭിമുഖത്തില്‍ ജി വേണുഗോപാല്‍ മനസുതുറക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights : Less than fifty film songs sung in thirty-six years’; G Venugopal said he felt he had missed a lot of opportunities

We use cookies to give you the best possible experience. Learn more