| Wednesday, 2nd January 2019, 1:43 pm

രാജ്യത്തെ ഐ.ഐ.ടികളിലെ അധ്യാപകരില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗം 3 ശതമാനത്തില്‍ താഴെ മാത്രം; കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:രാജ്യത്തെ ഐ.ഐ.ടികളിലെ അധ്യാപകരില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ 3 ശതമാനത്തില്‍ താഴെ മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. 23 ഐ.ഐ.ടികളിലെ 6043 അധ്യാപകരില്‍ 149 പട്ടികജാതിക്കാരും 21 പട്ടിവര്‍ഗ്ഗക്കാരും മാത്രമാണുള്ളതെന്ന് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

ബി.ജെ.പി എം.പിയും പട്ടികജാതി/പട്ടികവര്‍ഗ്ഗ സംഘടനകളുടെ അഖിലേന്ത്യാ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനുമായ ഉദിത് രാജിന്റെ ചോദ്യത്തിന് മറുപടിയായാണ് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ലോകസഭയില്‍ ഈ കാര്യം പറഞ്ഞത്. ഇത് പ്രകാരം സംവരണവിഭാഗത്തില്‍ നിന്നും 2.8 ശതമാനം പേര്‍ മാത്രമാണ് രാജ്യത്തെ ഐ.ഐ.ടികളില്‍ അധ്യാപകരായിട്ടുളളത്.

“ഐ.ഐ.ടികളില്‍ ശാസ്ത്രസാങ്കേതിക വിഭാഗങ്ങളിലെ അസിസ്റ്റന്റ് പൊഫസര്‍മാരുടെയും ലക്ച്ചര്‍മാരുടെയും എന്‍ട്രിലെവല്‍പോസ്റ്റില്‍ മാത്രമെ സംവരണം ലഭിക്കുകയുള്ളൂ.എന്നാല്‍  സോഷ്യല്‍ സയന്‍സ് ,ഹ്യൂമാനിറ്റീസ്, മാനേജ്മെന്റ് വിഭാഗങ്ങളില്‍ പട്ടികജാതി വിഭാഗത്തിനുള്ള സംവരണം 15ശതമാനവും, പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള സംവരണം  7.5 ശതമാനവും, ഒ.ബി.സി  വിഭാഗക്കാര്‍ക്കുള്ള സംവരണം 27 ശതമാനവുമാണ്”- ജാവേദ്ക്കര്‍ പറഞ്ഞു.

മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ദന്‍ബാദ് ഐ.ഐ.ടിയിലാണ് ഏറ്റവും കൂടുതല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗവിഭാഗക്കാര്‍ക്ക് നിയമനം നല്‍കിയിട്ടുള്ളത്. 35 പേര്‍ക്കാണ് നിയമനം.എന്നാല്‍ മാണ്ഡി ഐ.ഐ.ടിയില്‍ സംവരണ വിഭാഗത്തില്‍ പെട്ട ഒരാള്‍ക്കു പോലും നിയമനം നല്‍കിയിട്ടില്ല.

ഐ.ഐ.ടിയില്‍ ഈ പ്രശ്നം ഉയര്‍ന്നപ്പോള്‍ ഐ.ഐ.എംമിലും സമാന പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായ് മുന്‍ വിദ്യാര്‍ത്ഥികളും മറ്റും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഐ.ഐ.എമില്‍ 513 അധ്യാപകരില്‍ പട്ടികജാതിയില്‍പ്പെട്ട 2പേര്‍ മാത്രമാണുള്ളതെന്നും മറ്റു സംവരണവിഭാഗക്കാര്‍ ആരുമില്ലെന്നും ഗവേഷകരായ മല്‍ഗാന്‍, സിഥാര്‍ത്ഥ് തുടങ്ങിയവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more