|

2018 മുതൽ പട്ടികജാതി, പട്ടികവർഗ, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് നിയമിതരായ ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 23% ൽ താഴെ: കേന്ദ്ര സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 2018 മുതൽ പട്ടികജാതി (എസ്‌.സി), പട്ടികവർഗ (എസ്‌.ടി), ഒ.ബി.സി മറ്റ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് രാജ്യത്തുടനീളമുള്ള ഹൈക്കോടതികളിൽ നിയമിതരായത് 23% താഴെ ജഡ്ജിമാർ മാത്രമെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതി ജഡ്ജിമാരിൽ എസ്‌.സി, എസ്.ടി, ഒ.ബി.സി എന്നിവരുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള കാറ്റഗറി തിരിച്ചുള്ള കൂടുതൽ വ്യക്തമായ ഡാറ്റ ലഭ്യമല്ലെന്നും കേന്ദ്രം പറഞ്ഞു.

രാഷ്ട്രീയ ജനതാദൾ എം.പി മനോജ് കുമാർ ഝായുടെ ചോദ്യത്തിന് മറുപടിയായി നിയമ-നീതി സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഈ വിവരം പറയുന്നത്. ഭരണഘടനയുടെ 124, 217, 224 എന്നീ ആർട്ടിക്കിളുകൾ പ്രകാരമാണ് സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ജഡ്ജിമാരെ നിയമിക്കുന്നത് എന്നും, ഏതെങ്കിലും ജാതിക്കോ വിഭാഗത്തിനോ സംവരണം നൽകുന്നില്ലെന്നും അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.

എന്നിരുന്നാലും, എല്ലാ സമൂഹത്തിൽ നിന്നുമുള്ള ആളുകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും, 2018 മുതൽ, ഹൈക്കോടതി ജഡ്ജിമാരുടെ തസ്തികയിലേക്ക് ശുപാർശ ചെയ്യപ്പെടുന്നവർ അവരുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നിർദിഷ്ട ഫോർമാറ്റിൽ നൽകേണ്ടതുണ്ടെന്നും മേഘ്‌വാൾ പറഞ്ഞു.

‘ശുപാർശ ചെയ്യപ്പെട്ടവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2018 മുതൽ നിയമിതരായ 715 ഹൈക്കോടതി ജഡ്ജിമാരിൽ 22 പേർ എസ്‌.സി വിഭാഗത്തിലും 16 പേർ എസ്.ടി വിഭാഗത്തിലും 89 പേർ ഒ.ബി.സി വിഭാഗത്തിലും 37 പേർ ന്യൂനപക്ഷ വിഭാഗത്തിലുമുള്ളവരാണ്,’ അദ്ദേഹം പറഞ്ഞു.

ഉന്നത നീതിന്യായ വ്യവസ്ഥയില്‍ പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യം പ്രതീക്ഷിച്ചതിലും വളരെ താഴെയാണോ എന്നും, സമീപ വര്‍ഷങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ള ജഡ്ജിമാരുടെ നിയമനത്തില്‍ കുറവുണ്ടായിട്ടുണ്ടോ എന്നും ഝാ ചോദിച്ചിരുന്നു.

മെമ്മോറാണ്ടം ഓഫ് പ്രൊസീജർ (എം.ഒ.പി) പ്രകാരം, സുപ്രീം കോടതിയിൽ ജഡ്ജിമാരുടെ നിയമനത്തിനുള്ള നിർദേശങ്ങൾ ആരംഭിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇന്ത്യൻ ചീഫ് ജസ്റ്റിസിനാണെന്നും, ഹൈക്കോടതികളിൽ ജഡ്ജിമാരുടെ നിയമനത്തിനുള്ള നിർദേശങ്ങൾ ആരംഭിക്കുന്നതിനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണെന്നും മേഘ്‌വാൾ പറഞ്ഞു.

എങ്കിലും ഹൈക്കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിനുള്ള നിർദേശങ്ങൾ അയയ്ക്കുമ്പോൾ, പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നീ വിഭാഗങ്ങളിൽ ആളുകൾക്ക് അർഹമായ പരിഗണന നൽകണമെന്ന് സർക്കാർ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് അഭ്യർത്ഥിക്കുന്നുണ്ടെന്നും മേഘ്‌വാൾ പറഞ്ഞു.

Content  Highlight: Less than 23% High Court Judges Appointed Since 2018 From SC, ST, OBC and Minority Communities

Video Stories