തിരുവന്തപുരത്തെ ബീച്ചുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുവേ കോവളം, ശംഖുമുഖം എന്നീ പേരുകളില്‍ ഒതുങ്ങാറാണ് പതിവ്. എന്നാല്‍ തിരുവന്തപുരത്തെ മനോഹരമായ ബീച്ചുകളുടെ എണ്ണം രണ്ടിലൊതുങ്ങുന്നതല്ല. പൊങ്കലിനോടനുബന്ധിച്ച് തലസ്ഥാന നഗരിയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിരുവന്തപുരത്ത് തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ബീച്ചുകള്‍ പരിചയപ്പെടാം.
കോവളം ബീച്ച്
വിദേശികളടക്കം ആയിരക്കണക്കിന് പേരുടെ ഇഷ്ട താവളമായ കോവളം കേരള ടൂറിസത്തിന്റെ അടയാളമാണ്. ഒരു കാലത്ത് ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രങ്ങളിലൊന്നായിരുന്നു കോവളം ബീച്ച്. പിന്നീട് ഇടക്കാലത്ത് ഹിപ്പികളുടെ താവളമായും ഈ ബീച്ച് മാറിയിരുന്നു. കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്ന ഈ ബീച്ച് തെങ്ങിന്‍ കൂട്ടങ്ങളാല്‍ നിറഞ്ഞു കിടക്കുന്ന ഒന്നാണ്.
ഹവ്വാ ബീച്ച്
കോവളം കോവളം ബീച്ചിനോട് ചേര്‍ന്നു കിടക്കുന്ന മറ്റൊരു പ്രധാന ബീച്ചാണ് ഹവ്വാ ബീച്ച്. കോവളത്തുള്ള ബീച്ചുകളില്‍ സ്ഥാനം കൊണ്ട് രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ബീച്ച് കൂടിയാണിത്. ശക്തിയേറിയ തിരകളുള്ള ഇവിടെ പക്ഷെ തിരക്ക് വളരെ കുറവായിരിക്കും. കടലിലിറങ്ങുമ്പോഴും മറ്റും ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുവാന്‍ ശ്രദ്ധിക്കുക.
ശംഖുമുഖം ബീച്ച്
തിരുവനന്തപുരം എയര്‍പോര്‍ട്ടിനോട് ഏറ്റവും അടുത്തു കിടക്കുന്ന കടല്‍ത്തീരമാണ് ശംഖുമുഖം ബീച്ച്. നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന ബീച്ച് ആയിട്ടാണ് ശംഖുമുഖം അറിയപ്പെടുന്നത്. കാനായി കുഞ്ഞിരാമന്റെ പ്രശസ്ത ശില്പം മത്സ്യ കന്യക ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികള്‍ക്കുള്ള ട്രാഫിക് പാര്‍ക്ക്,ജലത്തില്‍ സ്‌കേറ്റിംഗ് പഠിപ്പിക്കുന്ന ഇടം തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതകളാണ്. നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് ഈ ബീച്ച്.
സമുദ്ര ബീച്ച്
കോവളത്തെ മൂന്നു ബീച്ചുകളില്‍ ഏറ്റവും അവസാനത്തേയാണ് സമുദ്ര ബീച്ച്. അശോക ബീച്ചിനു വടക്കു ഭാഗത്തായാണ് സമുദ്ര ബീച്ചുള്ളത്. കോവളം ബീച്ചില്‍ നിന്നും അല്പ ദൂരം നടന്നാല്‍ ഇവിടെ എത്താന്‍ സാധിക്കും. കടലിനു സമീപത്തെ പാറക്കെട്ടുകളില്‍ തല്ലിയാര്‍ക്കുന്ന തിരകളുടെ കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത.
വര്‍ക്കല ബീച്ച്
സൂര്യാസ്തമയ കാഴ്ചകള്‍ക്കും ക്ലിഫിനും പേരുകേട്ടതാണ് വര്‍ക്കല ബീച്ച്. വെള്ളമണലില്‍ ശാന്തമായി കിടക്കുന്ന ഇവിടം ആത്മീയമായും ഏറെ പ്രസിദ്ധമാണ്. ശിവഗിരി മഠവും പാപനാശം ബീച്ചും ജനാര്‍ദ്ദന സ്വാമി ക്ഷേത്രവും ഒക്കെയാണ് ഇവിടുത്തെ മറ്റ് കാഴ്ചകള്‍. ആയുര്‍വ്വേദ സമാജ് സെന്ററുകളും മികച്ച ഹോട്ടലുകളും ഇവിടെ ലഭ്യമാണ്. തിരുവനന്തപുരത്തു നിന്നും 51 കിലോമീറ്റര്‍ അകലെയാണ് ബീച്ചുള്ളത്.
വിഴിഞ്ഞം ബീച്ച്
കോവളത്തു വന്നാല്‍ മറക്കാതെ പോയിരിക്കേണ്ട ബീച്ചാണ് വിഴിഞ്ഞം ബീച്ച്. കോവളത്തു നിന്നും വെറും മൂന്നു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. വിഴിഞ്ഞം ഹാര്‍ബര്‍, ആഴിമല ശിവക്ഷേത്രം, ഗുഹാ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് കാഴ്ചകള്‍.
പൂവാര്‍ ബീച്ച്
തിരുവനന്തപുരത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി കിടക്കുന്ന ഒരു ദ്വീപാണ് പൂവാര്‍. വിഴിഞ്ഞത്തിനടുത്തു സ്ഥിതി ചെയ്യുന്ന പൂവാര്‍പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ തിരുവനന്തപുരത്തെ മറ്റെല്ലാ ബീച്ചിനെയും കടത്തിവെട്ടും. ഒരുകാലത്ത് വലിയ വ്യാപാര കേന്ദ്രമായിരുന്നു പൂവാര്‍ എന്നാണ് ചരിത്രം പറയു്നത്. ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒഫീര്‍ തുറമുഖം പൂവാറായിരുനിനുവെന്നും ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്.
ചൊവ്വര ബീച്ച്
കോവളത്തു നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ചില്‍ നിറയെ തെങ്ങുകളാണ്. എന്നാല്‍ പുറമേ നിന്നുള്ളവര്‍ക്ക് അത്ര പരിചിതമല്ല ഇവിടം.
ആഴിമല ബീച്ച്
ആഴിമല ക്ഷേത്രത്തിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന് ആഴിമല ബീച്ച് ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും പ്രശസ്തമാണ്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ആഴിമല ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
നെല്ലിക്കുന്ന് ബീച്ച്
വിഴിഞ്ഞത്തിനും ചൊവ്വരയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ബീച്ചാണ് നെല്ലിക്കുന്ന് ബീച്ച്. സ്വകാര്യ റിസോര്‍ട്ടുകളാണ് ഇവിടെ അധികമുള്ളത്.