ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് വിജയകുതിപ്പ് തുടരുന്നു. ഹോഫെനൈമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. ജര്‍മന്‍ താരം ജമാല്‍ മ്യൂസിയാല ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്നിന്റെ വകയായിരുന്നു ബയേണിന്റെ മൂന്നാം ഗോള്‍.
മത്സരത്തില്‍ ഒരു അസിസ്റ്റ് നേടി മികച്ച പ്രകടനമാണ് ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ താരം ലിയോറി സനെ നടത്തിയത്. പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തെ തേടിയെത്തി. ഈ സീസണില്‍ യൂറോപ്പിലെ മികച്ച ഏഴ് ഡിവിഷനുകളില്‍ 10+ അസിസ്റ്റുകള്‍ നല്‍കിയ ആദ്യ താരമെന്ന നേട്ടത്തിലേക്കാണ് ലിയോറി സനെ നടന്നുകയറിയത്.
Leroy Sané is the first player in Europe’s top seven divisions to provide 10+ league assists this season. ⚡️ pic.twitter.com/Ti0UQz1Eiw
മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിന്റെ ആദ്യ ഗോളിന് വഴിയൊരുക്കി കൊണ്ടായിരുന്നു സനെ ഈ നേട്ടം സ്വന്തം പേരിലാക്കിമാറ്റിയത്. വലതു വിങ്ങില്‍ നിന്നും എതിര്‍ പോസ്റ്റിലെ പ്രതിരോധനിരക്കാരെ പിളര്‍ത്തി കൊണ്ടുള്ള പാസില്‍ നിന്നും മുസിയാല ഗോള്‍ നേടുകയായിരുന്നു.
ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 3-1-4-2 എന്ന ശൈലിയും ആയിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 18ാം മിനിട്ടി ല്‍ ജമാല്‍ മുസിയാലയിലൂടെയാണ് ബയേണ്‍ ഗോളടി മേളം തുടങ്ങിയത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഹോം ടീം ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ 70ാം മിനിട്ടില്‍ മുസിയാല മത്സരത്തില്‍ തന്റെ രണ്ടാം ഗോള്‍ നേടി. ഒടുവില്‍ 90ാം മിനിട്ടില്‍ ഹാരി കെയ്ന്‍ ബയേണിനായി മൂന്നാം ഗോള്‍ നേടി. 74ാം മിനിട്ടില്‍ ഹോഫെനെയിം താരം ഗ്രിസ്ച്ചാ പ്രൊമേല്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് വലിയ തിരിച്ചടിയാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയത്.
ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ വിജയം ബയേണ്‍ സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ബുണ്ടസ്ലീഗയില്‍ 16 മത്സരങ്ങളില്‍ നിന്നും 13 വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയും അടക്കം 41 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബവേറിയന്‍സ്.
ബുണ്ടസ്ലീഗയില്‍ ജനുവരി 21ന് വെര്‍ഡെറിനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം. ബയേണിന്റെ തട്ടകമായ അലിയന്‍സ് അറീനയാണ് വേദി.
Content Highlight: Leroy Sane create a new record.