ലിവര്‍പൂള്‍ വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയതിനെ കുറിച്ചും പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ സിറ്റി സൂപ്പര്‍ താരം ലീറോയ് സെയ്ന്‍. സിറ്റിയില്‍ പെപ് തനിക്ക് ലയണല്‍ മെസിയെ പോലെ കളിക്കാനുള്ള അനുവാദം നല്‍കിയെന്നാണ് ജര്‍മന്‍ വിങ്ങര്‍ അഭിപ്രായപ്പെട്ടത്.
2016 മുതല്‍ 2020 വരെ നാല് സീസണുകളിലായി സിറ്റിസണ്‍സിനായി ബൂട്ടുകെട്ടിയ താരം ടീമിനൊപ്പം എട്ട് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
ജര്‍മന്‍ ക്ലബ്ബായ ഷാല്‍ക്കെക്കായി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് സെയ്‌നിനെ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ നോട്ടമിട്ടത്. നിരവധി ക്ലബ്ബുകള്‍ ജര്‍മന്‍ വിങ്ങറെ ടീമിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയാണ് താരത്തെ സ്വന്തമാക്കിയത്.
എന്നാല്‍ ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും സെയ്ന്‍ പറയുന്നു. താരം ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച് മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘അതെ ഞാന്‍ അവരുമായും (ലിവര്‍പൂള്‍) സംസാരിച്ചിരുന്നു. യര്‍ഗന്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ഇത് ഞാന്‍ സിറ്റിയുമായി കരാറിലെത്തുന്നതിന് മുമ്പാണ്. അദ്ദേഹം ഡോര്‍ട്മുണ്ടിനെ വളരെ മികച്ച രീതിയിലാണ് പരിശീലിപ്പിച്ചത്.
അദ്ദേഹം അവിടെയായിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ആത്മാര്‍ത്ഥതയുള്ളവനാണ്. ലിവര്‍പൂളിനെയും അദ്ദേഹം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോയി.
എന്നാല്‍ എന്നെ സംബന്ധിച്ച് എല്ലാം ഒന്ന് സെറ്റിലാകാനും പ്രീമിയര്‍ ലീഗിനെയും താരങ്ങളെയും കുറിച്ച് അറിയാനും എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. ഞാന്‍ സ്വയം ആത്മവിശ്വാസം കണ്ടെത്തേണ്ടിയിരുന്നു.
അപ്പോള്‍ മെസിയെ പോലെ സ്വതന്ത്രമായി കളിക്കാനാണ് പെപ് ആവശ്യപ്പെട്ടത്. മെസിയെ പോലെ കളിക്കാനല്ല, അത് തീര്‍ത്തും അസാധ്യമാണ്.
മെസിയെ പോലെ ഫ്രീയാകൂ, ആസ്വദിക്കൂ, എന്നാണ് പറഞ്ഞത്. ഒരു സ്‌ട്രൈക്കറില്‍ നിന്നും അദ്ദേഹത്തിനാവശ്യമായ അസിസ്റ്റ് നല്‍കുകയും ഗോളടിക്കുകയും പോലുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു,’ സെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
സിറ്റിക്കായി കളത്തിലിറങ്ങിയ 135 മത്സരത്തില്‍ നിന്നും 39 ഗോളുകളും 43 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
സിറ്റിയില്‍ നിന്നും ബയേണ്‍ മ്യൂണിക്കിലെത്തിയ താരം അലയന്‍സ് അരീനയിലും തന്റെ മികച്ച പ്രകടനം തുടരുകയാണ്. 189 മത്സരത്തില്‍ ബയേണിനായി പന്തുതട്ടിയ താരം 51 ഗോളും 50 അസിസ്റ്റും സ്വന്തമാക്കിയിട്ടിണ്ട്.
Content highlight: Leroy Sane about Pep Guardiola and Manchester City