ന്യൂദല്‍ഹി: കഴിഞ്ഞ നാലുവര്‍ത്തിനുള്ളില്‍ ഇന്ത്യയിലെ കടുവകളുടെ എണ്ണം 30 ശതമാനത്തോളം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച പുറത്തിറക്കിയ ഏറ്റവും പുതിയ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 2010 ലെ കണക്കുകള്‍ പ്രകാരം 1,706 കടുവകള്‍ ആണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 2,226 ല്‍ എത്തിയിരിക്കുന്നു.
തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാളും വലിയ വര്‍ദ്ധനവാണ് കടുവകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നതെന്ന് പരിശോധന സംഘത്തിലെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടുു.” കടുവകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അത് ഇത്രയും വലിയ വര്‍ധനയാവുമെന്ന് പ്രതീക്ഷിച്ചില്ല.” കടുവകളെ കുറിച്ച് വിദഗ്ദ പഠനം നടത്തിയിട്ടുള്ള ഇന്ത്യന്‍ വന്യജീവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ യാദ്വേന്ദ്രദേവ് ജാല പറഞ്ഞു.
ലോകത്തിലെ എഴുപത് ശതമാനത്തോളം കടുവകള്‍ ഇപ്പോള്‍ ഇന്ത്യയിലാണെന്ന് പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.
ഇന്ത്യയിലെ കടുവകളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ തിരിച്ചുപോക്കാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. 2006 ല്‍ ഇതേ സംഘം തന്നെ കടുവകളുടെ സര്‍വ്വേ നടത്തിയപ്പോള്‍ കടവകളുടെ എണ്ണത്തില്‍ ഭീകരമായ കുറവാണ് കണ്ടെത്തിയത്. 1,411 എണ്ണമായിരുന്നു അന്നത്തെ കണക്ക്. അതിനുമുമ്പ് ഇതിനെ കുറിച്ച് വിദഗ്ദ പഠനങ്ങളൊന്നും നടക്കാതിരുന്നതിനാല്‍ 3,500 എണ്ണം വരെയുണ്ടെന്ന പെരുപ്പിച്ച കണക്കുകളാണ് ഉണ്ടായിരുന്നത്.
അതിനും കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് രാജസ്ഥാനിലെ ശരിസ്‌ക ടൈഗര്‍ റിസര്‍വില്‍ ഒരു കടുവപോലും ഇല്ലാത്ത അവസ്ഥ വന്നു. ഇതോടെയാണ് കടുവകളെ സംരക്ഷിക്കുന്നതിനായുള്ള നിരവധി ശ്രമങ്ങള്‍ക്കു തുടക്കമായത്. അതിന്റെ ഫലം പുതിയ കണക്കുകളില്‍ പ്രതിഫലിക്കുന്നുമുണ്ട്.
“ശരിസ്‌കയിലുണ്ടായ അവസ്ഥ സര്‍ക്കാരിന്റെയും ജനങ്ങളുടെയും കടുവകളോടുള്ള സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്തി. കടുവ സങ്കേതങ്ങള്‍ സംരക്ഷിക്കുവാനായി നിരവധി ശ്രമങ്ങളും നടന്നു. കടുവ സങ്കേതങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനായി ധാരാളം കാശും ചിലവഴിക്കുകയുണ്ടായി. ഇതെല്ലാം നേട്ടമാണുണ്ടാക്കിയത്.” കഴിഞ്ഞ മൂന്ന് കടുവകളുടെ സര്‍വേയില്‍ പങ്കാളിയായ ഇന്ത്യന്‍ വന്യജിവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഖുമര്‍ ഖുറേഷി പറഞ്ഞു.
കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനുള്ള പ്രധാന കാരണം കടുവ ഇടനാഴികളാണെന്ന് ജാല പറഞ്ഞു. കടുവകള്‍ ഒരു താവളത്തില്‍ നിന്ന് മറ്റിടങ്ങളിലേക്ക് സഞ്ചരിക്കുന്ന വഴിയാണ് ഇത്തരത്തില്‍ ഇടനാഴികളായി കണക്കാക്കുന്നത്. ഇത്തരത്തിലുള്ള ഇടനാഴികളെ പരിസ്ഥിതി ദുര്‍ബല മേഖലകളായി പ്രഖ്യാപിക്കണമെന്നതാവണം അടുത്ത ഘട്ടമെന്നും വ്യവസായങ്ങളും മറ്റും ഇവിടെ സ്ഥാപിക്കപ്പെടുമ്പോള്‍ അത് ഇത്തരം മേഖലകളെ സാരമായി ബാധിക്കുമെന്നും ജാല അഭിപ്രായപ്പെട്ടു.