|

സംസ്ഥാനത്ത് എലിപ്പനി പടരുന്നു; കോഴിക്കോട് ജില്ലയില്‍ 75 പേര്‍ക്ക് സ്ഥിരീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി പടരുന്നു. കോഴിക്കോട് ജില്ലയില്‍ രോഗം വ്യാപകമായി പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 75 പേര്‍ക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മുന്നൂറോളം പേരാണ് ജില്ലയില്‍ ഇതുവരെ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയത്. ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ 16 താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും.

പ്രളയത്തിനു ശേഷം എലിപ്പനി പോലുള്ള സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി നേരത്തേ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. കടുത്ത പനിക്ക് ചികിത്സ തേടിയെത്തുന്ന എല്ലാവരെയും എലിപ്പനിയുടെ മുന്‍കരുതലെടുത്ത് ചികിത്സിക്കണമെന്ന് പ്രളയബാധിത മേഖലകളില്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

മൂന്ന് എലിപ്പനി മരണങ്ങളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം, ഈയടുത്ത ദിവസങ്ങളിലായുണ്ടായ 27 പനിമരണങ്ങള്‍ക്കു കാരണം എലിപ്പനിയാണെന്നും സംശയമുണ്ട്.

Also Read: മലബാറില്‍ എലിപ്പനി പടരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

പ്രളയവുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലെപ്‌റ്റോസ്‌പൈറസ് എന്ന ബാക്ടീയയാണ് എലിപ്പനിക്ക് കാരണം. എലിയിലൂടെയാണ് രോഗാണു പകരുന്നത്. എന്നാല്‍ കന്നുകാലികള്‍, പൂച്ച, പട്ടി എന്നിവയും രോഗാണുവാഹകരാണ്. ഇവയുടെ മൂത്രത്തിലൂടെ നേരിട്ടോ അത് കലര്‍ന്ന മണ്ണ്, വെള്ളം എന്നിവയിലൂടെയോ രോഗം വരാം. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ, എന്നിവയിലൂടെയാണ് രോഗാണു മനുഷ്യ ശരീരത്തില്‍ എത്തുന്നത്.

പനി, പേശീവേദന, കണ്ണിന് ചുവപ്പ്, ഛര്‍ദി എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലെത്തിയാല്‍ കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം, തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. മരണവും സംഭവിക്കും. അതുകൊണ്ട് തന്നെ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.