| Monday, 30th July 2018, 10:46 am

എലിപ്പനി; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

എ പി ഭവിത

വെള്ളപ്പൊക്കത്തിന്റെ ദുരിതം തീരുന്നില്ല. മഴ മാറി ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിരുന്നെങ്കിലും ഇടയ്ക്കിടെ കനത്ത മഴയും പെയ്യുന്നു. ഇതിനിടെയാണ്
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌.
ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കഴിഞ്ഞു
ജൂലൈ മാസം എലിപ്പനി ബാധിച്ച് ചികിത്സ തേടിയത് 137 പേരാണ്. രണ്ട് മരണമുണ്ടായി. എലിപ്പനിയുടെ ലക്ഷണങ്ങളുമായി 225 കേസുകളില്‍ 16 പേര്‍ മരിച്ചു. 491 പേര്‍ക്കാണ് ഈ വര്‍ഷം എലിപ്പനി പിടിപെട്ടത്. ഇതില്‍ 31 പേര്‍ മരിച്ചു. എലിപ്പനിയെന്ന് സംശയിക്കുന്ന കേസുകള്‍ 892 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 31 പേരും മരിച്ചു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലെപ്‌റ്റോസ്‌പൈറസ് എന്ന ബാക്ടീയയാണ് എലിപ്പനിക്ക് കാരണം. എലിയിലൂടെയാണ് രോഗാണു പകരുന്നത്. എന്നാല്‍ കന്നുകാലികള്‍, പൂച്ച, പട്ടി എന്നിവയും രോഗാണുവാഹകരാണ്. ഇവയുടെ മൂത്രത്തിലൂടെ നേരിട്ടോ അത് കലര്‍ന്ന മണ്ണ്, വെള്ളം എന്നിവയിലൂടെയോ രോഗം വരാം. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ, എന്നിവയിലൂടെയാണ് രോഗാണു മനുഷ്യ ശരീരത്തില്‍ എത്തുന്നത്. ഓടകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കൃഷിപ്പണി, കന്നൂകാലി പരിചരണം എന്നിവ ചെയ്യുമ്പോഴും മുന്‍കരുതല്‍ എടുക്കണം. വൃത്തിഹീനമായ സാഹചര്യത്തില്‍ ഇടപെടുന്നത് ഒഴിവാക്കണം. നല്ല സൂര്യപ്രകാശവും ഒഴുക്കും ഉണ്ടാവുമ്പോള്‍ ബാക്ടീരിയ നശിക്കും.

പനി, പേശീവേദന, കണ്ണിന് ചുവപ്പ്, ഛര്‍ദി എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലെത്തിയാല്‍ കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം, തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. മരണവും സംഭവിക്കും. അതുകൊണ്ട് തന്നെ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എലിപ്പനി പിടിപെട്ടാല്‍ മഞ്ഞപ്പിത്തം, ന്യുമോണിയ, വൃക്കരോഗങ്ങള്‍, എന്നിവ ഉണ്ടാകാം. കണ്ണില്‍ രക്തസ്രാവമുണ്ടാകുന്നതാണ് കണ്ണ് ചുവന്നിരിക്കാന്‍ കാരണം. രോഗത്തിന്റെ രണ്ടാം ഘട്ടത്തിലാണ് തലച്ചോറിനേയും നാഡീഞരമ്പുകളേയും ബാധിക്കുന്നത്. പെനിസിലിന്‍, ടെട്രാസൈക്ലിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്.

എലിപ്പനി പകരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അത്തരം ജോലി ചെയ്യുന്നതിന് മുമ്പ് മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍
അറിയിക്കുന്നു. ഇത്തരം ജോലി ചെയ്യുന്നതിന് തലേ ദിവസം മുതല്‍ ആഴ്ചയിലൊരിക്കല്‍ ഡോക്‌സി സൈക്ലില്‍ ഗുളികകള്‍ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍
നിര്‍ദേശിക്കുന്നു. കൂടാതെ കയ്യുറയും കാലുറയും ധരിക്കണം. ശരീരത്തില്‍ മുറിവുകളുള്ളവര്‍ രോഗം പകരാനുള്ള സാഹചര്യം ഒഴിവാക്കണം. ഭക്ഷണത്തിലൂടെ എലിപ്പനി വരാനുള്ള സാധ്യതയുണ്ട്. ആഹാരവും വെള്ളവും എലിമൂത്രം കലരാതിരിക്കാന്‍ മൂടിവെക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായി സംസ്‌കരിക്കണം. എലികളെ നശിപ്പിക്കണം.

കഴിഞ്ഞ വര്‍ഷം 1408 പേര്‍ക്കാണ് എലിപ്പനി പിടിപെട്ടത്. 80 പേര്‍ മരിച്ചു. 2016 ല്‍ രോഗം പിടിപെട്ട 1710 പേരില്‍ മുപ്പത്തിയഞ്ച് പേര്‍ മരിച്ചു. സമീപ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് എലിപ്പനി പിടിപെട്ടത് 2016ലും 2017ലുമാണ്.
ജലജന്യ രോഗങ്ങളും പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെള്ളപ്പൊക്കം കഴിഞ്ഞ് ജലനിരപ്പ് താഴ്ന്ന് വരികയാണ്. പലയിടത്തും സെപ്റ്റിക് ടാങ്കും ജലനിരപ്പും ഒരേ ലെവലിലാണ്. കുടിവെള്ളം മലിനമാകാന്‍ ഇത് കാരണമാകും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. സെപ്റ്റിക് ടാങ്കിന് തകരാറുണ്ടെങ്കില്‍ അത് പരിഹരിക്കണം. മാലിന്യം പുറത്തേക്ക് ഒഴുകാന്‍ ഇടവരുത്തരുതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more