കേരളത്തില്‍ നിന്ന് തീരേ തുടച്ചുനീക്കിയെന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്ന രോഗമാണ് കുഷ്ഠം. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തില്‍ പുതുതായി കുഷ്ഠ രോഗവും രോഗസംന്ധമായ വൈകല്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായിട്ടാണ് വിവരം.
ഇതില്‍ തന്നെ കുട്ടികള്‍ക്ക് ഈ രോഗം ബാധിക്കുന്നത് കൂടുതല്‍ ആശങ്കകള്‍ക്ക് വഴി വെയ്ക്കുന്നുണ്ട്. കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കുഷ്ഠ രോഗത്തിന്റെ കണക്കുകള്‍ പ്രകാരം 273 പേര്‍ പുതുതായി രോഗബാധിതരായിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ 21 പേര്‍ കുട്ടികളാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കുട്ടികളുടെ ഈ രോഗനിരക്ക് എന്നറിയുമ്പോഴാണ് വ്യാപ്തി മനസ്സിലാകുകയുള്ളു.
കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടത്തിയ സര്‍വ്വേ പ്രകാരം പുതുതായി 50 പേര്‍ക്ക് രോഗം ബാധിക്കുന്നതായാണ് കണ്ടെത്തിയത്. സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുംപെട്ട ആളുകള്‍ക്കിടയില്‍ രോഗത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് ജില്ലാ ലെപ്രസി ഓഫിസറുടെ ചാര്‍ജ് വഹിക്കുന്ന ഡപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ടി.രേഖ പറഞ്ഞത്. വായു വഴി പകരുന്ന ഈ രോഗം എളുപ്പത്തില്‍ കുട്ടികളെ ബാധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഏറ്റവും അവസാനമായി പുറത്തുവന്ന കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഷ്ഠ രോഗ ലക്ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. 2016 ഏപ്രില്‍ മുതല്‍ ജനുവരി തുടക്കംവരെ 103 പേരാണ് കുഷ്ഠരോഗത്തിനു ചികിത്സ തേടിയത്. ഇതില്‍ 90 പേര്‍ക്കും പകര്‍ച്ചാ സാധ്യത ഏറെയുള്ള മള്‍ട്ടി ബാസ്സിലറിയാണ്. 20 പേര്‍ക്ക് പകര്‍ച്ചാ സാധ്യതകുറവുള്ള പോസി ബാസിലറിയുമാണ് പിടിപെട്ടിട്ടുള്ളത്. 2010-2011 കാലയളവില്‍ 122 പേര്‍ക്കാണ് ജില്ലയില്‍ കുഷ്ഠരോഗം ബാധിച്ചത്. 2011-12ല്‍ 120, 2012-13ല്‍ 107, 2013-14ല്‍ 94, 2014-15ല്‍ 79, 2015-16ല്‍ 68 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം.
2005-ല്‍ രാജ്യത്ത് കുഷ്ഠരോഗം നിവാരണം ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. രോഗികളുടെ എണ്ണം പതിനായിരത്തില്‍ ഒന്നില്‍ത്താഴെ മാത്രമാകുമ്പോഴാണ് രോഗം നിവാരണം ചെയ്തതായി പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ രോഗം കണ്ടെത്തിയിട്ടുള്ളത് പതിനായിരത്തില്‍ 0.2 പേരിലാണ്. ഏതാനും വര്‍ഷങ്ങളായി ഈ നിരക്കില്‍ മാറ്റമില്ല.
രോഗം ബാധിച്ചിട്ടും ചികിത്സ തേടാത്തവരിലൂടെയാണ് മറ്റുള്ളവര്‍ക്കും ഇത് പകരുന്നത്. കുഷ്ഠ രോഗം കാലങ്ങളായി കേരളത്തില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ പണ്ട് നല്‍കിയിരുന്ന ശ്രദ്ധ രോഗത്തിന് മേല്‍ നല്‍കാതിരുന്നതാണ് രോഗം വീണ്ടും ശക്തി പ്രാപിക്കാന്‍ കാരണമായതതെന്നാണ് സംസ്ഥാന ലെപ്രസി ഓഫീസറായ ഡോ. പത്മലത ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
കേരളത്തില്‍ നിന്ന് രോഗം പൂര്‍ണമായി തുടച്ചു നീക്കി എന്നൊരു ബോധം പൊതുവെ എല്ലാവരിലും ഉണ്ടായി. അതിന് കാരണം കുഷ്ഠ രോഗം ബാധിക്കുന്ന നിരക്ക് വലിയ തോതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിയന്ത്രിക്കാനായി എന്നതായിരുന്നു. ഒരോ വീട്ടിലും കയറി രോഗത്തെക്കുറിച്ച് ബോധവത്ക്കരണവും രോഗം ബാധിച്ചവരെ കണ്ടെത്തി ചികിത്സിപ്പിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങളില്‍ രോഗം നിയന്ത്രണാവസ്ഥയിലായതോടെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഇത്തരത്തില്‍ വീടുകള്‍ തോറും കയറി പ്രവര്‍ത്തിച്ചിരുന്ന രീതി നിര്‍ത്തുകയും അരോഗ്യവകുപ്പിന്റെ മറ്റ് പ്രവര്‍ത്തികളില്‍ ലയിപ്പിക്കുകയും ചെയ്തു. ഇതിന് പുറമേ രോഗാവസ്ഥ കാണിക്കുന്നവര്‍ ചികിത്സയക്കായി ഡോക്ടറെ സമീപിക്കാനുള്ള നിര്‍ദ്ദേശവുമുണ്ടായി ഇതോടെ രോഗം പെട്ടന്ന് കണ്ടെത്തുന്നത് ഇല്ലാതായി- ഡോക്ടര്‍ പറയുന്നു.
രോഗലക്ഷണവുമായി വരുന്നവരുടെ രോഗം സ്ഥിതികരിക്കാന്‍ കഴിയാത്തതും പ്രശ്നത്തിന് കാരണമായി- ഡോക്ടര്‍ പത്മലത ചൂണ്ടിക്കാട്ടുന്നു. പെതുവെ കേരളത്തില്‍ നിന്ന് കുഷ്ഠം തുടച്ചുനീക്കി എന്ന ബോധം വന്നതിനെ തുടര്‍ന്ന് പൊതുവെ ഡോക്ടര്‍മാരും ഈ രോഗം സ്ഥിതികരീക്കാന്‍ സമയം എടുക്കുന്നു. മറ്റൊന്ന് വാതം ആണെന്ന് കരുതി ആയുര്‍വേദ ചികിത്സ നേടുന്ന സംഭവവും ഉണ്ടെന്നും ഡോക്ടര്‍ പത്മലത ഡൂള്‍ന്യൂസിനോട് പറഞ്ഞു.
രോഗികളുടെ എണ്ണത്തില്‍ കുട്ടികളുടെ ശതമാനം കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 6.9-ല്‍നിന്ന് 9.42 ആയി വര്‍ധിച്ചതായി ഡോ. പദ്മലത പറഞ്ഞു. 2016-17-ല്‍ 36 കുട്ടികളിലും കഴിഞ്ഞവര്‍ഷം 49 കുട്ടികളിലുമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെ 21 കുട്ടികളില്‍ പുതുതായി രോഗബാധ കണ്ടെത്തി.
രോഗബാധ കൊണ്ട് പ്രകടമായ വൈകല്യങ്ങള്‍ ഉണ്ടായശേഷം മാത്രം ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണവും കേരളത്തില്‍ കൂടുന്നുണ്ട്. രോഗാരംഭത്തില്‍ അല്ലാതെ, പകര്‍ച്ചശേഷിയുള്ള വിഭാഗമായ ശേഷമാണ് 60-70 ശതമാനം രോഗബാധയും സംസ്ഥാനത്ത് കണ്ടെത്താനാവുന്നത്.
കുഷ്ഠരോഗത്തിനു ഫലപ്രദമായ ചികിത്സ കേരളത്തില്‍ ലഭ്യമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. എന്നാല്‍ രോഗ നിര്‍ണയത്തിന് വരുന്ന കാലതാമസമാണ് ഇത്തരത്തില്‍ കുഷ്ഠം റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമായത്. എന്നും മന്ത്രി പറഞ്ഞു.
നിലവില്‍ രോഗത്തിന്റെ വ്യാപനം തടയുന്നതിനായി ഈ സാഹചര്യത്തില്‍ ഡിസംബര്‍ അഞ്ചുമുതല്‍ രണ്ടാഴ്ച വീടുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. കൂടുതല്‍ രോഗികളെ കണ്ടെത്തിയ എട്ട് ജില്ലകളിലാണ് പരിശോധന. ഒരു ആശാവര്‍ക്കറും ഒരു പുരുഷ വൊളന്റിയറും വീടുകളിലെത്തി പരിശോധിക്കും. രോഗബാധ കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പരിശോധന എന്ന് ഡോക്ടര്‍ പത്മലത ഡൂള്‍ന്യൂസിനോട് പറഞ്ഞു.
എന്താണ് കുഷ്ഠ രോഗം
മൈകോബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയയാണു കുഷ്ഠരോഗം പടര്‍ത്തുന്നത്. ചര്‍മത്തില്‍ പാടുകള്‍ രൂപപ്പെടുകയും ഈ ഭാഗങ്ങളില്‍ സ്പര്‍ശനശേഷി നഷ്ടപ്പെടുകയുമാണ് പ്രാരംഭ ലക്ഷണം. രോഗം ത്വക്കിനു പുറമെ, നാഡികള്‍, കണ്ണുകള്‍ എന്നിവയെയും ബാധിക്കും. രോഗാണുബാധയേറ്റ് ലക്ഷണങ്ങള്‍ പുറത്തുവരാന്‍ ആഴ്ചകള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ സമയമെടുത്തേക്കാം. ഇതിനിടയില്‍ രോഗിയുമായി അടുത്തിടപഴകുന്നവര്‍ക്കു രോഗം പടരാന്‍ സാധ്യതയുമുണ്ട്. പ്രാഥമിക ചര്‍മപരിശോധനയിലൂടെ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ശാരീരിക വൈകല്യങ്ങള്‍ക്കു വരെ സാധ്യതയുണ്ട്.
കുട്ടികളിലാണ് ഇതിനു സാധ്യത കൂടുതല്‍. ശ്വാസകോശത്തിലൂടെ ശരീരത്തിലേക്കു കടക്കുന്ന രോഗാണു മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയാണ് ചെയ്യുന്നത്. ലക്ഷണങ്ങള്‍ തൊട്ടാലറിയാത്ത പാടുകള്‍ ശരീരത്തില്‍ രൂപപ്പെടുക, കൈകാലുകളില്‍ മരവിപ്പ്, കൈകാലുകള്‍ക്കു കുഴച്ചില്‍, നാഡീവേദന, മുഖത്തോ ചെവിയിലോ തുടിപ്പ്, കൈകാലുകളില്‍ വേദനയില്ലാത്ത മുറിവുകള്‍, അള്‍സര്‍ തുടങ്ങിയാണ് ലക്ഷണങ്ങള്‍.
എന്താണ് ചികിത്സമാര്‍ഗങ്ങള്‍
ചര്‍മത്തില്‍ രണ്ട് മുതല്‍ അഞ്ചുവരെ സ്പര്‍ശന ശേഷിയുള്ള പാടുകള്‍ കണ്ടെത്തിയാല്‍ ഇതിനെയാണ് പോസി ബാസിലറി എന്നു വിളിക്കുന്നത്. ആറ് മാസത്തെ ചികിത്സ കൊണ്ട് ഇതു മാറ്റിയെടുക്കാനാകും. റിഫോമ്പിസിന്‍, ഡാപ്‌സോണ്‍ ഗുളികകളാണ് രോഗികള്‍ക്ക് ആറ് മാസം തുടര്‍ച്ചയായി രോഗിക്ക് കഴിക്കാന്‍ നല്‍കുന്നത്. അഞ്ചിലധികം പാടുകള്‍ ചര്‍മത്തില്‍ കണ്ടെത്തുകയോ ബയോപ്‌സി ടെസ്റ്റിലൂടെ രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയോ ചെയ്യുന്ന കേസുകളെയാണ് മള്‍ട്ടി ബാസ്സിലറി എന്ന് വിളിക്കുന്നത്. ഒരുവര്‍ഷക്കാലമാണ് ഇതിന് ചികിത്സ നല്‍കുന്നത്. റിഫോമ്പിസിന്‍, ഡാപ്‌സോണ്‍ ഗുളികകള്‍ക്ക് പുറമെ ക്ലോഫാസിമിന്‍ ഗുളികയും ഈ കാലയളവില്‍ രോഗിക്ക് നല്‍കും.പ്രതിരോധ ശേഷി കുറവുള്ളതിനാല്‍ കുട്ടികളെയും പ്രായമായവരെയും വളരെവേഗം രോഗം ബാധിക്കും.