| Sunday, 29th January 2023, 9:02 am

'ചിലര്‍ ഫോട്ടോ എടുത്ത് പുലിയെ പ്രകോപിപ്പിച്ചു' കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തില്‍ വിമര്‍ശനവുമായി വനം മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തില്‍ ജനങ്ങളുടെ ഭാഗത്ത് നിസഹകരണം ഉണ്ടായെന്ന വിമര്‍ശനവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍.

പ്രദേശത്ത് ചിലര്‍ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളില്‍ വനപാലകര്‍ നല്‍കുന്ന നിര്‍ദേശം നാട്ടുകാര്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

‘മണ്ണാര്‍ക്കാട് നടന്നത് ആന്റി ക്ലൈമാക്‌സാണ്. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും വനം വകുപ്പ് എടുത്തിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനം പൂര്‍ണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്,’ വനം മന്ത്രി പറഞ്ഞു.

ചത്ത പുലിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട് മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴിക്കൂടിന്റെ നെറ്റില്‍ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം കൂട്ടില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു.

പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. പുലി കോഴിക്കൂട്ടില്‍ നിന്ന് പുറത്തേക്ക് ചാടാതിരിക്കാന്‍ ചുറ്റും വല കെട്ടി സുരക്ഷയൊരുക്കുകയും, ജനങ്ങളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. മയക്കുവെടി വെച്ച് പുലിയെ പിടിക്കാനായിരുന്നു ശ്രമം. എന്നാല്‍ 7.15 ഓടെ പുലി ചത്തു.

പുലിയുടെ ജഡം ഇപ്പോള്‍ മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ജഡം കത്തിക്കും.

അതേസമയം, പ്രദേശത്ത് വന്യമൃഗ ശല്യം കാരണം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുവ, പുലി, പോത്ത്, ആന എന്നിവയുടെ ശല്യം സ്ഥിരമായുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

Content Highlight: Leopard dead Incident; People didn’t Corporate; Accuses Forest Minister AK Saseendran

We use cookies to give you the best possible experience. Learn more