അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷന് സമീപം പുള്ളിപ്പുലിയുടെ ആക്രമണം. പരിക്കേറ്റ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ആശുപത്രിയിലാക്കി. 27 വയസുകാരനായ ശ്രാവണ്‍ വിശ്വകുമാറാണ് പുലിയുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടത്. ചിത്രത്തിന്റെ നിര്‍മാണ കമ്പനി ഇദ്ദേഹത്തിന്റെ ചികിത്സാ ചിലവുകള്‍ ഏറ്റെടുത്തു.
സുഹൃത്തിനെ വീട്ടിലേക്ക് എത്തിക്കാന്‍ പോകുന്ന വഴിക്കായിരുന്നു അപകടം നടന്നത്. ലൊക്കേഷനില്‍ നിന്നും അധികം അകലെയല്ലാത്ത റോഡിലൂടെ ബൈക്കോടിച്ചു പോകുമ്പോള്‍ ഒരു പന്നി റോഡ് ക്രോസ് ചെയ്യുന്നത് കണ്ടതായി ഇയാള്‍ പറയുന്നു. ഇതോടെ പെട്ടെന്ന് അവിടെ നിന്നും പോകാമെന്ന് കരുതി ബൈക്കിന്റെ സ്പീഡ് കൂട്ടിയപ്പോഴാണ് പന്നിയുടെ പിറകെ പുള്ളിപ്പുലി പാഞ്ഞുവരുന്നത് കണ്ടത്.
പുള്ളിപ്പുലിയുമായി തന്റെ ബൈക്ക് കൂട്ടിയിടിച്ചുവെന്നും നിലത്ത് വീണ് ബോധം മറയുന്നതിന് തൊട്ടുമുമ്പായി പുലി സമീപത്തുകൂടി നടക്കുന്നത് കണ്ടതായും ഇയാള്‍ പറഞ്ഞു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലാക്കിയത്.
സിനിമാ സെറ്റുകളില്‍ പുള്ളിപ്പുലികളുടെ ആക്രമണം തടയുന്നതിനുള്ള മതിയായ നടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സൈന്‍ വര്‍ക്കേഴ്‌സ് പ്രസിഡന്റ് ശ്യാംലാല്‍ ഗുപ്ത രംഗത്തെത്തി. ‘ഇത്തരം സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. സെറ്റുകളിലേക്ക് നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന പുള്ളിപ്പുലികളില്‍ നിന്നും ആര് സംരക്ഷണം നല്‍കും? ആയിരക്കണക്കിന് ഷൂട്ടുകളാണ് ഇവിടെ നടക്കുന്നത്. വിഷയത്തിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ വേണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്,’ ശ്യാംലാല്‍ പറഞ്ഞു.
അതേസമയം അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ബഡേ മിയാന്‍ ചോട്ടേ മിയാനില്‍ അക്ഷയ്ക്കും ടൈഗറിനുമൊപ്പം പൃഥ്വിരാജ് സുകുമാരനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജാന്‍വി കപൂറായിരിക്കും ചിത്രത്തില്‍ നായികയാവുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlight: Leopard attack near location of Akshay Kumar film; Makeup artist in hospital