|

ആമസോണ്‍ വനത്തെ തീയില്‍ നിന്ന് സംരക്ഷിക്കാന്‍ ലിയനാര്‍ഡോ ഡികാപ്രിയോയുടെ സംഘടന 35 കോടി രൂപ നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആമസോണ്‍ മഴക്കാടുകളെ തീപ്പിടിത്തതില്‍ നിന്ന് സംരക്ഷിക്കാന്‍ ലിയനാര്‍ഡോ ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള എര്‍ത്ത് അലയന്‍സ് സംഘടന 35 കോടി രൂപ നല്‍കും. തീയണക്കാന്‍ ശ്രമിക്കുന്ന പ്രാദേശിക സംഘടനകള്‍ക്കും തദ്ദേശീയര്‍ക്കുമായാണ് ഈ തുക നല്‍കുക.

അഞ്ച് പ്രാദേശിക സംഘടനകള്‍ക്കാണ് തീയണക്കാന്‍ ധനസഹായം നല്‍കുക. എര്‍ത്ത് അലയന്‍സ് സംഘടനയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കണക്കുകള്‍ പ്രകാരം 72,000 തീപ്പിടുത്തങ്ങളാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40,000ലധികം തീപ്പിടുത്തങ്ങളാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. ആമസോണ്‍ വനങ്ങളിലെ തീപ്പിടുത്തത്തെ കുറിച്ച് ലിയനാര്‍ഡോ ഡികാപ്രിയോ പ്രതികരിച്ചിരുന്നു. ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഡികാപ്രിയോയുടെ വിമര്‍ശനം.

‘ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്’- ലിയനാര്‍ഡോ ഡികാപ്രിയോ

പൊതുവേ തണുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് ആമസോണ്‍ കാടുകളില്‍ അനുഭവപ്പെടുന്നത്. എന്നാല്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വരണ്ട കാലാവസ്ഥയുമുണ്ടാകാറുണ്ട്. ഇതിന്റെ ഫലമായി കാട്ടുതീ ഉണ്ടാകാറുണ്ട്. എന്നാല്‍ കൂടുതലും മനുഷ്യനിര്‍മ്മിതമായ കാട്ടുതീയാണ് ആമസോണ്‍ കാടുകളെ നശിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Video Stories