| Thursday, 26th September 2019, 4:34 pm

കാവേരി കോളിങ്ങ് പദ്ധതി; ഡി കാപ്രിയോ നല്‍കിയ പിന്തുണ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ആത്മീയ നേതാവ് ജഗ്ഗി വാസുദേവ് നയിക്കുന്ന ഇഷ ഫൗണ്ടേഷന്‍ തുടങ്ങിയ കാവേരി കോളിങ്ങ് പദ്ധതിക്ക് ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ നല്‍കിയ പിന്തുണ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 95 പൗരാവകാശ സംഘടനകളും വ്യക്തികളും അദ്ദേഹത്തിന് കത്തെഴുതി.

ഇന്ത്യയിലെ നദികളെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. ചെറു നദികളെല്ലാം അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. സദ്ഗുരുവിനൊപ്പം ചേര്‍ന്ന ഇഷ ഫൗണ്ടേഷന്‍ ഏര്‍പ്പെട്ടിരിക്കുന്ന കാവേരി നദിയെ സംരക്ഷിക്കാനുള്ള പദ്ധതിയില്‍ ഒപ്പം ചേരുന്നു എന്നായിരുന്നു ഡികാപ്രിയോ സെപ്റ്റംബര്‍ 21 ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പിലെ അംഗമായ ലിയോ സല്‍ദാന്‍ഹ എഴുതിയ കത്തില്‍ കാവേരി കോളിങ്ങ് കാംപയിനില്‍ പിന്തുണക്കുന്നതില്‍ ഡികാപ്രിയോക്ക് കൃത്യമായ ഉപദേശം ലഭിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നുണ്ട്.

നദിയുടെ യാഥാര്‍ത്ഥ സാഹചര്യവും ക്ഷേമവും മനസിലാക്കുന്ന ഒരു പരിപാടിയല്ല കാവേരി കോളിങ്ങ് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

കാവേരിയിലെ ജലം ഇന്ത്യയിലെ നാല് തെക്കന്‍ സംസ്ഥാനങ്ങളുടെ നിര്‍ണായക വിഭവമാണ്, മാത്രമല്ല അവ അതിനു വേണ്ടി മത്സരിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മില്‍ അക്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്. കാവേരിക്ക് ഇപ്പോള്‍ ലഭിക്കുന്ന എല്ലാ സഹായവും ആവശ്യമാണ്. ആ അര്‍ത്ഥത്തില്‍ കാവേരിയെ പുനരുജ്ജീവിപ്പിക്കാനുള്ള നിങ്ങളുടെ പിന്തുണ വളരെ സ്വാഗതാര്‍ഹമാണ്.

എന്നാല്‍ നദീതടത്തിന്റെ യഥാര്‍ത്ഥ സാഹചര്യങ്ങളും മറ്റും മനസ്സിലാക്കുന്ന പരിപാടിയല്ല ഇത്. കാവേരിയുടെ അരുവികള്‍, പോഷകനദികള്‍ തുടങ്ങിയവയുടെ തീരങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതാണ് ലളിതമായി പറഞ്ഞാല്‍ കാവേരി കാംപയിനിങ്ങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് കത്തില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മരങ്ങള്‍ നട്ടുപിടിപ്പിച്ചതുകൊണ്ടു മാത്രം കാവേരിയുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നില്ല. ഇത്തരം പദ്ധതികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതും കാണാത്തതുമായ സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക എന്നും ഇവര്‍ കത്തില്‍ വിശദീകരിക്കുന്നു.

We use cookies to give you the best possible experience. Learn more