|

മഴയ്ക്ക് മാത്രമേ ചെന്നൈയെ രക്ഷിക്കാനാകൂ; തമിഴ്‌നാട്ടിലെ വരള്‍ച്ചയില്‍ ആശങ്ക പങ്കുവെച്ച് ലിയനാര്‍ഡോ ഡികാപ്രിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈയെ ബാധിച്ച വരള്‍ച്ചയില്‍ ആശങ്ക പങ്കുവെച്ച് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ. ഇന്‍സ്റ്റഗ്രാമിലാണ് ചെന്നൈയിലെ ദുരവസ്ഥ ലോകശ്രദ്ധയില്‍ കൊണ്ടു വന്നത്.

കടുത്ത വരള്‍ച്ചയില്‍ നാല് പ്രധാന റിസര്‍വോയറുകളെല്ലാം വറ്റി വരണ്ടിരിക്കുകയാണ്. സ്വകാര്യ സ്‌കൂളുകളും ഹോട്ടലുകളും പലയിടത്തും പൂട്ടിതുടങ്ങി. പലയിടങ്ങളിലും ഒരുതുള്ളി വെള്ളം കിട്ടിനില്ല. ആളുകള്‍ വെള്ളം കൊണ്ടുവരുന്ന സര്‍ക്കാര്‍ ടാങ്കറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കുകയാണ്. മഴയെ മാത്രമാണ് ചെന്നൈയിലുള്ളവര്‍ക്ക് ആശ്രയിക്കാനുള്ളതെന്നും പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

അധികൃതര്‍ വെള്ളത്തിനായി ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും ഡികാപ്രിയോ പറയുന്നു. കുടിവെള്ളത്തിനായി കിണറിന് സമീപം സ്ത്രീകള്‍ കൂടി നില്‍ക്കുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് ഡികാപ്രിയോയുടെ പോസ്റ്റ്.

നേരത്തെ കേരളത്തില്‍ പ്രളയമുണ്ടായപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ ഡികാപ്രിയോ പോസ്റ്റിട്ടിരുന്നു.

കാലാവസ്ഥാ വ്യതിയാനമടക്കം പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്നയാളാണ് ഡികാപ്രിയോ. പരിസ്ഥിതി സംരക്ഷണത്തിനായി ലിയാനര്‍ഡോ ഡികാപ്രിയോ ഫൗണ്ടേഷന്‍ എന്ന പേരില്‍ സംഘടന തന്നെ അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. 1998ല്‍ രൂപീകരിച്ചത് മുതല്‍ 200 പ്രൊജക്ടുകള്‍ക്ക് ലിയാനര്‍ഡോ ഡികാപ്രിയോ ഫൗണ്ടേഷന്‍ ഫണ്ട് മുടക്കിയിട്ടുണ്ട്.

നേരത്തെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡികാപ്രിയോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Latest Stories