ജീത്തു ജോസഫിന്റെ ത്രില്ലര്‍ ചിത്രമായ ട്വല്‍ത് മാനിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായിരുന്നു നടി ലിയോണ ലിഷോയ് അവതരിപ്പിച്ച ഫിദ. പതിനൊന്ന് സുഹൃത്തുക്കളും പന്ത്രണ്ടാമനായി മോഹന്‍ലാലിന്റെ ഡി.വൈ.എസ്.പി ചന്ദ്രശേഖറും എത്തിയ ചിത്രത്തില്‍ ഫിദയായി ലിയോണ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.
ട്വല്‍ത് മാനിലേക്ക് എത്തിയതിനെ കുറിച്ച് രസകരമായ കമന്റ് പങ്കുവെക്കുകയാണ് ലിയോണ ലിഷോയ്. പണിയില്ലാത്ത എല്ലാവരെയും പിടിച്ച് ജീത്തു ജോസഫ് ഒരു സിനിമ ചെയ്യുകയായിരുന്നുവെന്ന് ലിയോണ പറഞ്ഞു. ഏഷ്യാവില്ലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘റാം ആണ് ഞാന്‍ ആദ്യം ചെയ്തത്. അതിനുശേഷമാണ് ട്വല്‍ത് മാനിലേക്ക് എത്തുന്നത്. ജിന്നിലും ചതുരത്തിലും അഭിനയിച്ചത് പോലെ തന്നെയായിരുന്നു ഇതും.
ജീത്തു സാര്‍ പണിയില്ലാത്ത എല്ലാവരെയും പിടിച്ച് ട്വല്‍ത് മാനിലിട്ടു. കൊറോണ സമയത്ത് ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞു. അതുപോലെ തന്നെ സിദ്ധുവും കൊറോണ സമയത്താണ് ഞങ്ങളെയെല്ലാവരെയും കൂട്ടി ചതുരം ചെയ്യുന്നത്.
നമ്മളൊരു വലിയ പടം ചെയ്തു, പക്ഷെ അതു പുറത്തുവരാറായിട്ടില്ല. അതുകൊണ്ട് ചെറിയ ഒരു പടം ചെയ്യാമെന്ന കോണ്‍സെപ്റ്റിലാണ് ട്വല്‍ത് മാനും ചതുരവും വരുന്നത്,’ ലിയോണ പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ റാം 2020ല്‍ ഷൂട്ടിങ് ആരംഭിച്ചിരുന്നു. എന്നാല്‍ ചിത്രം കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.
പിന്നീട് 2022ലാണ് ചിത്രത്തിന്റെ റീഷൂട്ടിങ്ങും മറ്റ് വര്‍ക്കുകളും നടന്നത്. വൈകാതെ തന്നെ റാം തിയേറ്ററുകളിലെത്തും.
സമാനമായ രീതിയില്‍ ജിന്നിന്റെ ഷൂട്ടിനെയും കൊവിഡ് ബാധിച്ചിരുന്നു. ആ സമയത്താണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വളരെ കുറച്ച് കഥാപാത്രങ്ങളും ലൊക്കേഷനും ഉപയോഗിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍ ചതുരം ചെയ്യുന്നത്.
Content Highlight: Leona Lishoy about Jeethu Joseph and 12th Man movie