സോഷ്യൽ മീഡിയ ഏറ്റെടുത്ത് ലിയോയുടെ സക്സസ് സെലിബ്രേഷൻ
Film News
സോഷ്യൽ മീഡിയ ഏറ്റെടുത്ത് ലിയോയുടെ സക്സസ് സെലിബ്രേഷൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st November 2023, 9:41 pm

ലിയോ സക്സസ് സെലിബ്രേഷൻ കൊണ്ടാടി ആരാധകർ. ആരാധകരുടെ ഇടയിൽ നിറഞ്ഞാടുന്ന ദളപതി വിജയ്‌യുടെ ചിതങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സെലിബ്രേഷനിൽ നിരവധി ആരാധകരാണ് പങ്കെടുത്തത്.

വിജയിക്ക് പുറമെ തൃഷയുടെയും മറ്റു താരങ്ങളുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നുണ്ട്. ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന സെലിബ്രേഷനിൽ മഡോണ, ലോകേഷ് കനകരാജ്, അർജുൻ സർജ, മാത്യു തുടങ്ങി ലിയോ സിനിമയുടെ അണിയറപ്രവർത്തകൾ ഉൾപ്പടെ നിരവധി പേരാണ് പങ്കെടുത്തത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ കഴിഞ്ഞ 19നാണ് റിലീസ് ചെയ്തത്. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതേ സമയം ലിയോ ആഗോള ബോക്‌സ് ഓഫീസിൽ 500 കോടി രൂപ കളക്‌ഷൻ പിന്നിട്ടുകൊണ്ട് മുന്നേറുകയാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് കേന്ദ്ര കഥാപാത്രമായ ചിത്രം ചരിത്ര നേട്ടത്തിലേക്ക് കാലെടുത്തുവെക്കുകയാണ്.

എന്നാല്‍ റിലീസ് ദിനം മുതല്‍ തന്നെ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ഫസ്റ്റ് ഹാഫ് ഗംഭീരമായെന്ന് പറഞ്ഞ പ്രേക്ഷകര്‍ സെക്കന്റ് ഹാഫിലെ ലിയോയുടെ ഫ്ളാഷ് ബാക്കിനെതിരെയാണ് വിമര്‍ശനമുന്നയിച്ചത്. ഈ ഭാഗം ടിപ്പിക്കല്‍ വിജയ് ചിത്രങ്ങള്‍ പോലെയായി എന്നായിരുന്നു വിമര്‍ശനം.

അര്‍ജുന്‍ സര്‍ജ, തൃഷ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Leo success celebration