|

റെക്കോഡ് നേട്ടവുമായി ലിയോ; മറികടന്നത് പുഷ്പയെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജ് വിജയിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ലിയോക്ക് റെക്കോഡ് നേട്ടം. ചിത്രത്തിന്റെതായി പുറത്തുവന്ന പുതിയ പോസ്റ്ററിനാണ് റെക്കോഡ് ലഭിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഒരു ഇന്ത്യന്‍ സിനിമയുടെ പോസ്റ്ററിന് ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ (10 ലക്ഷം) ലൈക്ക് എന്ന നേട്ടമാണ് ലിയോയുടെ ഈ പോസ്റ്റര്‍ സ്വന്തമാക്കിയിരിക്കുന്നത്.

വെറും 32 മിനിറ്റ് കൊണ്ടാണ് പോസ്റ്ററിന് ഒരു മില്യണ്‍ ലൈക്കുകള്‍ ലഭിച്ചത്. ഇതോടെ രണ്ടാം സ്ഥാനത്തേക്ക് നീങ്ങിയത് അല്ലു അര്‍ജുന്റെ പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ 2 ന്റെ പോസ്റ്റര്‍ ആണ്. അല്ലു അര്‍ജുന്‍ മുന്‍പ് പങ്കുവച്ച പുഷ്പ 2 പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ലൈക്കുകള്‍ നേടിയത് ഒരു മിനിറ്റ് അധികം എടുത്തായിരുന്നു (33 മിനിറ്റ്).

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ആണ്. ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ക്ഷമയോടെ ഇരിക്കൂ, യുദ്ധം ഒഴിവാക്കൂ എന്ന് എഴുതിയ പോസ്റ്ററാണ് ഇന്ന് പുറത്തുവന്നത്. വിജയ് മാത്രമാണ് പോസ്റ്ററില്‍ ഉള്ളത്.

ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.

ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. 65 ദിവസങ്ങള്‍ കഴിഞ്ഞാല്‍ തിയേറ്ററുകളിലെത്തുന്ന ലിയോ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Leo poster breaks records as it receives  fastest one lakh likes on instagram