ലിയോ തമിഴ്‌നാടിന് മുന്നേ കേരളത്തിലെത്തും; പുലര്‍ച്ചെ ഷോ അനുവദിച്ചു
വിജയ് ചിത്രം ലിയോയുടെ ആദ്യത്തെ ഷോ തമിഴ്‌നാട്ടില്‍ തുടങ്ങുന്നതിന് മുമ്പേ കേരളത്തിലെത്തും. കേരളത്തില്‍ സിനിമക്ക് പുലര്‍ച്ചെ നാലു മണിക്ക് തന്നെ ഷോ ആരംഭിക്കാനുള്ള അനുമതി ലഭിച്ചു.
സിനിമയുടെ കേരളത്തിലെ ബുക്കിങ് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിക്കുമെന്നും വിതരണക്കാരായ ഗോകുലം മൂവീസ് അറിയിച്ചു.
നിരവധി പ്രതിസന്ധികള്‍ക്ക് ഒടുവിലാണ് ലിയോ റിലീസിന് ഒരുങ്ങുന്നത്. പുലര്‍ച്ചെ ആദ്യ ഷോ കേരളത്തില്‍ ആരംഭിക്കുമെങ്കിലും തമിഴ്‌നാട്ടില്‍ ആദ്യ ഷോ 9 മണിക്ക് മാത്രമാകും തുടങ്ങുക. . 4 മണിക്ക് ആദ്യ ഷോ നടന്നാല്‍ 7.15 ന് രണ്ടാമത്തെ ഷോയും 10.30ക്ക് മൂന്നും 2 മണിക്ക് നാലും ഉള്‍പ്പടെ വൈകിട്ട് 5.30 രാത്രി 9 മണി, രാത്രി 11.59 എന്നിങ്ങനെയാകും കേരളത്തിലെ ആദ്യദിന ഷോ ടൈം. അതായത് ഏഴ് ഷോള്‍ ഒരുദിവസം കളിക്കാന്‍ സാധിക്കും.
ഇത് റെക്കോഡ് ആദ്യ കളക്ഷന്‍ സ്വന്തമാക്കാനും കഴിയുമെന്നാണ് കരുതുന്നത്. കേരളത്തിലുള്ള പുലര്‍ച്ചെ ഷോ കാരണം സിനിമ കാണാന്‍ നിരവധി പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തുമെന്നും കരുതുന്നു. അതേസമയം മികച്ച പ്രീ ബിസിനസാണ് ഇപ്പോള്‍ സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.
Content Highlight: Leo movie first show start at kerala