മാസ്സ് എൻട്രിയുമായി സഞ്ജയ് ദത്ത്; ലിയോയിലെ ആന്റണി ദാസ് ഗ്ലീമ്പ്സ് എത്തി
Entertainment
മാസ്സ് എൻട്രിയുമായി സഞ്ജയ് ദത്ത്; ലിയോയിലെ ആന്റണി ദാസ് ഗ്ലീമ്പ്സ് എത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th July 2023, 5:04 pm

ലിയോയിലെ ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെ ഗ്ലീമ്പ്സ് എത്തി. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാസ്സ് എൻട്രിയാണ് ഗ്ലിമ്പ്സിൽ കാണാൻ സാധിക്കുന്നത്. വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നാകും ആന്റണി ദാസ്. സഞ്ജയ് ദത്തിന്റെ പിറന്നാൾ ദിനത്തിലാണ് ഗ്ലീമ്പ്സ് പുറത്തുവിട്ടിരിക്കുന്നത്.

അനിരുദ്ധ് ഒരുക്കിയ തകർപ്പൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് ആൾക്കൂട്ടത്തിനിടയിലൂടെ ആന്റണി ദാസ് എന്ന കഥാപാത്രം നടന്നുവരുന്നത്. ബ്രൗൺ ജാക്കറ്റിട്ട എരിയുന്ന സിഗരറ്റ് ചുണ്ടിൽ നിന്നും നീക്കി സലാം പറയുന്ന ആന്റണി ദാസ് തിയേറ്ററിനെ പൂരപ്പറമ്പാക്കുമെന്നുറപ്പ്. സഞ്ജയ് ദത്തിന്റെ ഞെട്ടിക്കുന്ന ഗെറ്റപ്പ് ശ്രദ്ധേയമാണ്.

ഇപ്പോഴിതാ കേരളത്തില്‍ വിജയ്‌യുടെ പുതിയ ചിത്രത്തിന് വമ്പന്‍ റിലീസായിരിക്കുമെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും പുതുതായി പുറത്തുവരുന്നത്.

കേരളത്തില്‍ 650ല്‍ അധികം സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഏറ്റവും ഒടുവില്‍ ചിത്രത്തിലേതായി പുറത്തുവന്ന ‘നാ റെഡി താന്‍’ എന്ന് തുടങ്ങുന്ന ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായിരുന്നു. വിജയുടെ പിറന്നാള്‍ ദിനത്തിലാണ് പാട്ടും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നത്.

സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. ഗോകുലം മൂവീസാണ് ലിയോ കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രം 2023 ഒക്ടോബര്‍ 19ന് തിയറ്ററുകളിലേക്കെത്തും.

Content Highlights: Leo movie Antony Das Character glimpse