ഫുട്‌ബോള്‍ രംഗത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ബഹുമതിയിലൊന്നാണ് ബാലണ്‍ ഡി ഓര്‍. 1956 മുതല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ വര്‍ഷം തോറും ഈ പുരസ്‌കാരം നല്‍കിവരുന്നു. ഏഴ് തവണയാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസമായ ലയണല്‍ മെസി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍
ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളതും മെസിയാണ്.
കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ചാമ്പ്യന്മാരായതിന് പിന്നാലെ ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓറിനും സാധ്യത കല്‍പ്പിക്കുന്ന താരമാണ് മെസി.
കഴിഞ്ഞ ലോകകപ്പിലെ മെസിയുടെ മിന്നും പ്രകടനം തന്നെയാണ് ഈ സാധ്യതക്ക് കാരണം. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മെസിക്കാണ് ലഭിച്ചിരുന്നത്. എട്ട് ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകള്‍ താരം നേടിയിരുന്നു. എന്നാല്‍ ഇനിയൊരു ബാലണ്‍ ഡി ഓര്‍ നേടുക എന്നത് അത്ര വലിയ ആഗ്രഹമുള്ള കാര്യമല്ലെന്നും തനിക്ക് ഏറ്റവും പ്രധാനപ്പെട്ട സമ്മാനമായ ലോകകപ്പ് കഴിഞ്ഞ വര്‍ഷം ലഭിച്ചെന്നും പറയുകായാണിപ്പോള്‍ ലയണല്‍ മെസി.
‘എന്റെ ജീവിതത്തിലെ ഈ ഘട്ടത്തില്‍, ഒരു ബാലണ്‍ ഡി’ഓര്‍ എനിക്ക് പ്രധാനമല്ല. വ്യക്തിഗത സമ്മാനങ്ങളല്ല എനിക്ക് പ്രധാനം എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. എന്റെ ഏറ്റവും പ്രധാനപ്പെട്ട സമ്മാനം ലോകകപ്പായിരുന്നു. അത് നേടാന്‍ എനിക്കായി,’ മെസി പറഞ്ഞതായി ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
2026 ലോകകപ്പില്‍ കളിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മെസി അറിയിച്ചു. ‘ഞാന്‍ നേരത്തെ പറഞ്ഞതാണത്, ഞാന്‍ എന്റെ അവസാന ലോകകപ്പ് കളിച്ചു, ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ ഇപ്പോള്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല,’ ലയണല്‍ മെസി പറഞ്ഞു.