പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളും സൂപ്പര്‍താരങ്ങളായ നെയ്മറിനും കിലിയന്‍ എംബാപ്പെക്കും നഷ്ടമായിരുന്നു. ഇരുവരും പരിക്കിന്റെ പിടിയിലായതിനാലാണ് സക്വാഡില്‍ ഇടം നേടാതിരുന്നത്.
ലീഗ് വണ്ണില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ടോളോസിനെതിരെ രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജി വിജയിച്ചിരുന്നു. ഒരു ഗോളിന് പിന്നിലായ ശേഷമാണ് രണ്ട് ഗോളുകള്‍ നേടി പി.എസ്.ജി വിലപ്പെട്ട രണ്ട് പോയിന്റുകള്‍ തങ്ങളുടെ അക്കൗണ്ടിലാക്കിയത്. മത്സരത്തില്‍ ലയണല്‍ മെസിയും അഷ്‌റഫ് ഹക്കിമിയുമാണ് പി.എസ്.ജിക്കായി ഗോള്‍ നേടിയത്.
അതിന് മുമ്പ് നടന്ന മത്സരത്തില്‍ മോണ്ട്‌പെല്ലിയറിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. മത്സരത്തില്‍ മെസി ഒരു ഗോള്‍ നേടുകയും ഹക്കീമി ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. നെയ്മര്‍ പരിക്കു മൂലം മത്സരത്തില്‍ കളിച്ചിട്ടില്ലായിരുന്നു. എംബാപ്പെ പരിക്ക് കാരണം നേരത്തെ പുറത്താവുകയും ചെയ്തു.
രണ്ട് മത്സരങ്ങള്‍ക്ക് ശേഷം തന്റെ വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് മുന്‍ പി.എസ്.ജി താരം എറിക്ക് റബെസാന്ദ്രറ്റാന. എംബാപ്പെയും നെയ്മറും ഇല്ലാത്തതിനാല്‍ മെസിയും ഹക്കീമിയും തമ്മിലുള്ള കെമിസ്ട്രി വര്‍ദ്ധിച്ചു എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ മത്സരത്തില്‍ നമുക്കത് കാണാനായെന്നും റബെസാന്ദ്രറ്റാന ലെ പാരീസിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മെസിയും ഹക്കീമിയും തമ്മിലുള്ള ബന്ധം നേരത്തെ അത്ര പ്രകടമായിരുന്നില്ല. ഒരു വര്‍ഷത്തോളം അവര്‍ ഇരുവരും ഒരുമിച്ച് ക്ലബ്ബില്‍ കളിച്ചിട്ടും നമുക്ക് വലിയ ഒരു കെമിസ്ട്രി കാണാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോള്‍ നെയ്മറും എംബാപ്പെയും ഇല്ലാതിരുന്നപ്പോള്‍ ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രി വര്‍ദ്ധിച്ചിട്ടുണ്ട്. മാത്രമല്ല ഇരുവരും വശങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്,’ റബെസാന്ദ്രറ്റാന പറഞ്ഞു.
പി.എസ്.ജി വളരെ നിര്‍ണായക മത്സരങ്ങളാണ് ഇനി കളിക്കാന്‍ പോകുന്നത്. കോപ്പ ഡി ഫ്രാന്‍സിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ശക്തരായ മാഴ്സെയാണ് പി.എസ്.ജിയുടെ എതിരാളികള്‍. മത്സരത്തില്‍ ഇരുവര്‍ക്കും കളിക്കാനാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഫെബ്രുവരി ഒമ്പതിനാണ് മത്സരം നടക്കുക.
അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ ഫെബ്രുവരി 14നാണ് പി.എസ്.ജി ബയേണ്‍ മ്യൂണിക്കിനെ നേരിടുന്നത്. പരിക്കിന്റെ പിടിയിലായതിനാല്‍ എംബാപ്പെക്ക് മത്സരം നഷ്ടമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ നെയ്മര്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Leo Messi and Achraf Hakimi fire PSG to victory