ലിയോ ആദ്യ ഷോ ടിക്കറ്റുകള്‍ വിറ്റുപോയത് നിമിഷങ്ങള്‍ക്കുള്ളില്‍
Entertainment news
ലിയോ ആദ്യ ഷോ ടിക്കറ്റുകള്‍ വിറ്റുപോയത് നിമിഷങ്ങള്‍ക്കുള്ളില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th October 2023, 9:19 am

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. റെക്കോഡ് റിലീസാണ് സിനിമക്ക് കേരളത്തില്‍ ലഭിക്കുന്നത്.

കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്ന ഗോകുലം മൂവീസ് ഒക്ടോബര്‍ 15ന് സിനിമയുടെ ബുക്കിങ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തിരുവനന്തപുരത്തെ പ്രധാന തിയേറ്ററായ എരീസ് പ്ലസ്സില്‍ ഒക്ടോബര്‍ 15ന് രാത്രി 12 മണിക്ക് തന്നെ ബുക്കിങ് ആരംഭിച്ചിരുന്നു. നിമിഷം നേരം കൊണ്ടാണ് സിനിമയുടെ ആദ്യ ഷോ ടിക്കറ്റുകള്‍ വിറ്റുപോയത്.

നിരവധി പേര്‍ക്ക് ബുക്ക് ചെയ്യാന്‍ പോലും കഴിയാത്ത തരത്തിലുള്ള തിരക്കും പ്രമുഖ ടിക്കറ്റ് ബുക്കിങ് സൈറ്റുകളില്‍ ഉണ്ടായി.

ഇപ്പോള്‍ ആദ്യ ദിനത്തിലെ എല്ലാ ഷോയും ഏതാണ്ട് പൂര്‍ണ്ണമായും ബുക്കിങ് ആയ സ്ഥിതിയാണുള്ളത്. സിനിമയുടെ മറ്റ് തിയേറ്ററുകളിലെ ബുക്കിങ് രാവിലെ പത്ത് മണിക്ക് ആരംഭിക്കും.

കേരളത്തില്‍ ഉള്‍പ്പടെ ലിയോയുടെ ആദ്യ ഷോ തുടങ്ങുന്നത് രാവിലെ 4മണിക്കാണ്. സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Leo kerala ticket booking get amazing response