| Tuesday, 10th October 2023, 8:15 am

അന്യഭാഷ നടന്മാരില്‍ വിജയ് തന്നെ രാജാവ്; ലിയോ കേരള ഫാന്‍സ് ഷോ കണക്കുക്കള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ പ്രതീക്ഷയില്‍ ആരാധകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ഒക്ടോബര്‍ 19ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഫാന്‍സ് ഷോകളുടെ ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിറ്റുപോയിരുന്നു.

ഇപ്പോഴിതാ സിനിമയുടെ റിലീസിന് ഒമ്പത് ദിവസം മാത്രം ശേഷിക്കെ കേരളത്തിലെ ലിയോ ഫാന്‍സ് ഷോകളുടെ കണക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഇതിനോടകം തന്നെ ഒരു അന്യഭാഷാ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോകള്‍ എന്ന റെക്കോഡിലേക്ക് ലിയോ എത്തികഴിഞ്ഞു. 425ഫാന്‍സ് ഷോകളാണ് റിലീസിന് ഒമ്പത് ദിവസം മുമ്പ് തന്നെ ലിയോക്കായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

കേരളത്തില്‍ ഒരു അന്യ ഭാഷ നടന്റെ സിനിമക്ക് വേണ്ടി നടത്തിയ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ ആദ്യ അഞ്ചും വിജയ് ചിത്രങ്ങള്‍ തന്നെയാണുള്ളത്. റിലീസ് ദിനത്തോട് അടുക്കുമ്പോള്‍ ഇനിയും ഫാന്‍സ് ഷോകളുടെ എണ്ണം വര്‍ധിക്കും എന്ന് തന്നെയാണ് കണക്കുകൂട്ടുന്നത്.

ഇതിന് മുമ്പ് റിലീസ് ചെയ്ത വിജയ് ചിത്രം ബീസ്റ്റിന് 421 ഫാന്‍സ് ഷോകള്‍ ആയിരുന്നു നടത്തിയിരുന്നത്. അറ്റ്ലി ചിത്രം ബിഗിലിന് 308 ഫാന്‍സ് ഷോകള്‍ നടത്തിയപ്പോള്‍. മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സര്‍ക്കാരിന് 278 ഫാന്‍സ് ഷോകള്‍ നടന്നിട്ടുണ്ട്.

ലിസ്റ്റില്‍ അഞ്ചാമതുള്ളത് 187 ഫാന്‍സ് ഷോകളുമായി മെര്‍സലാണ്. അതേസമയം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്ത സിനിമകളില്‍ രണ്ടാം സ്ഥാനമാകും ലിയോക്ക് ലഭിക്കുക. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോകള്‍ നടത്തിയ ചിത്രം.

2021ല്‍ റിലീസ് ചെയ്ത മരക്കാറിന് 850ലേറെ ഫാന്‍സ് ഷോകള്‍ നടത്തിയിട്ടുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

ദളപതി വിജയിയോടൊപ്പം വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ് എന്നിവരാണ്.

Content Highlight: Leo kerala fans show count is record for an other language movie

We use cookies to give you the best possible experience. Learn more