|

500 കോടി പിന്നിട്ട് ലിയോ; ഇനി മത്സരം ജയിലറുമായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോ ആഗോള ബോക്‌സ് ഓഫീസിൽ 500 കോടി രൂപ നേടി. പത്ത് ദിവസം പിന്നിടുമ്പോൾ ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് കേന്ദ്ര കഥാപാത്രമായ ചിത്രം ചരിത്ര നേട്ടത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. രജനികാന്തിന്റെ 2.0 (783 കോടി രൂപ), ജയിലർ (604 കോടി രൂപ) എന്നിവയ്‌ക്ക് ശേഷം 500 കോടി മറികടക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ലിയോ.

ഇതുവരെ ഇന്ത്യയിൽ 285 കോടി രൂപയാണ് ലിയോ നേടിയിട്ടുള്ളത്. ചിത്രം ഈ ആഴ്ച ആഭ്യന്തര ബോക്‌സ് ഓഫീസിൽ 300 കോടി രൂപ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ഇതിനകം ദളപതി വിജയ്‌യുടെ ലിയോ മാറിയിട്ടുണ്ട്. രജിനികാന്ത് നായകനായ ജയിലർ ആഗോള ബോക്‌സ് ഓഫീസിൽ നിന്നും 680 കോടിയാണ് നേടിയത്. ഇപ്പോൾ ജയിലറുടെ ആഗോള കളക്ഷനെ മറികടക്കാൻ ലിയോയ്ക്ക് കഴിയുമോ എന്നാണ് ആരാധകർ നോക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ കഴിഞ്ഞ 19നാണ് റിലീസ് ചെയ്തത്. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Leo earned 500 crore at the global box office