പുതിയ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 64 ജിബി വരെ സാധാരണയായി മെമ്മറി ശേഷിയുണ്ടെങ്കിലും കുറഞ്ഞ നിരക്കിലും അതി വേഗത്തിലുമുള്ള ഇന്റര്‍നെറ്റ് ലഭ്യമായതോടെ പലര്‍ക്കും മെമ്മറി മതിയാവാതെ വന്നിട്ടുണ്ട്. പുതിയ സിനിമകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ പഴയ ഫയല്‍ ഡിലീറ്റ് ചെയ്യേണ്ടി വരുന്നത് പലരെയും വിഷമിപ്പിക്കുന്നതാണ്. അത്തരം ആളുകള്‍ക്ക് വേണ്ടിയാണ് ലെനൊവോ തങ്ങളുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ പുറത്തിറക്കുന്നത്. 4000 ജിബി(4 ടി.ബി) ആണ് ലെനൊവൊയുടെ ഇസഡ് 5ന്റെ ഇന്‍ബില്‍റ്റ് ശേഷി.
നൊച്ച്, ചിന്‍ എന്നിവയില്ലാതെ യഥാര്‍ത്ഥ ഫുള്‍സ്‌ക്രീനുമായെത്തുന്ന ആദ്യ ആന്‍ഡ്രോയിഡ് ഫോണായിരിക്കും ഇസഡ് 5. ഇത്രയും മെമ്മറിയുമായെത്തുന്ന ആദ്യ ഫോണും ഇതാണ്. എന്നാല്‍ മെമ്മറിയുടെ കാര്യത്തില്‍ കമ്പനിയുടെ അവകാശവാദത്തെ ടെക് വിദഗ്ധര്‍ പൂര്‍ണമായും വിശ്വസത്തിലെടുത്തിട്ടില്ല.
ലെനൊവോ വൈസ് പ്രസിഡന്റ് ചാങ് ചെങ് ആണ് പുതിയ ഫോണ്‍ 4 ടി.ബി സ്‌റ്റോറേജുമായാണ് എത്തുകയെന്ന് പ്രഖ്യാപിച്ചത്.
ഇതിന് മുന്‍പ് ഫോണിന്റെ സ്‌കെച്ചുകള്‍ ഉള്‍പ്പടെയുള്ള രൂപകല്‍പ്പനാ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. നൊച്ച് ഇല്ലാത്ത ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ഫോണിന്റെ രേഖാ ചിത്രങ്ങളാണ് ചോര്‍ന്നത്. ശേഷം ചാങ് തന്നെ ഔദ്യോഗികമായി ഫോണിന്റെ രൂപകല്‍പ്പന പുറത്ത് വിട്ടിരുന്നു. ഫോണ്‍ ജൂണ് 14 പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.