| Wednesday, 16th January 2019, 3:18 pm

ലെനിന്‍ രാജേന്ദ്രന്റെ ഭൗതിക ശരീരം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊതുദര്‍ശനങ്ങള്‍ക്കു ശേഷം പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്റെ ഭൗതിക ശരീരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. അദ്ദേഹം പഠിച്ച യൂണിവേസ്റ്റി കോളേജിലും കലാഭവനിലും മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു.

സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ യൂണിവേഴ്‌സിറ്റി കോളേജിലും, കലാഭവനിലും, ശാന്തികവാടത്തിലുമായി ലെനിന്‍ രാജേന്ദ്രന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. ഔദ്യോഗിക ബഹുമതികളോടെ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം.കരള്‍ രോഗത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലെനിന്‍ തിങ്കളാഴ്ച രാത്രിയാണ് അന്തരിച്ചത്.

67 കാരനായ ലെനിന്‍ രാജേന്ദ്രന്‍ രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്നുണ്ടായ അണുബാധയും രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി കുറഞ്ഞതുമാണ് മരണകാരണം.

മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, സാംസ്‌കാരിക മന്ത്രിയുമടക്കം രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ലെനിന്‍ രാജേന്ദ്രന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

981ല്‍ പുറത്തിറങ്ങിയ വേനലാണ് ലെനിന്‍ രാജേന്ദ്രന്റെ ആദ്യ ചിത്രം. എണ്‍പതുകളിലെ മലയാളത്തിലെ നവസിനിമാ മുന്നേറ്റങ്ങളില്‍ ലെനിന്‍ രാജേന്ദ്രന്റെ സിനിമകള്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായിരുന്നു അദ്ദേഹം. വേനല്‍, ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്‍, മഴക്കാല മേഘം, സ്വാതി തിരുന്നാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ് എന്നിവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

We use cookies to give you the best possible experience. Learn more