'പതിനാറാം വയസില്‍ അഭിനയം തുടങ്ങിയപ്പോള്‍പ്പോലും ഇങ്ങനെ ഒരു യങ് ലുക്കുള്ള കഥാപാത്രം കിട്ടിയിട്ടില്ല'
Entertainment news
'പതിനാറാം വയസില്‍ അഭിനയം തുടങ്ങിയപ്പോള്‍പ്പോലും ഇങ്ങനെ ഒരു യങ് ലുക്കുള്ള കഥാപാത്രം കിട്ടിയിട്ടില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th July 2023, 9:11 pm

ഓളം എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ലെന. താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഓളത്തിലെ ഹുദ എന്ന കഥാപാത്രമെന്നും പതിനാറാം വയസില്‍ അഭിനയം തുടങ്ങിയപ്പോള്‍പ്പോലും തനിക്ക് ഇങ്ങനെ ഒരു യങ് ലുക്കുള്ള കഥാപാത്രം കിട്ടിയിട്ടില്ലെന്നും ലെന പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഓളം എന്ന സിനിമയിലെ തിരക്കാഥാകൃത്തും ഞാന്‍ തന്നെയാണ്. ഞാനാണ്
എന്റെ കഥാപാത്രത്തിന് ഹുദ ഫക്രുദ്ദീന്‍ എന്ന പേരിട്ടത്. എനിക്ക് പരിചയമുള്ള ഒരാളുമായി ഈ പേരിനൊരു ബന്ധമുണ്ട്. ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഹുദ. അത്തരമൊരു ലുക്കിലാണ് ഹുദ വരുന്നത്. പതിനാറാം വയസില്‍ അഭിനയം തുടങ്ങിയപ്പോള്‍പ്പോലും എനിക്ക് ഇങ്ങനെ ഒരു യങ് ലുക്കുള്ള കഥാപാത്രം കിട്ടിയിട്ടില്ല.

അര്‍ജുന്‍ അശോകന്‍, ഹരിശ്രീ അശോകന്‍, ബിനു പപ്പു, നോബി മാര്‍ക്കോസ് എന്നിങ്ങനെ ഈ സിനിമയില്‍ അഭിനയിച്ചവരൊക്കെ അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എഴുത്തുകാരെക്കാള്‍ കഥാപാത്രമാകുന്ന ആള്‍ക്കാകും ആ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുക. എങ്ങനെയാണ് ആ കഥാപാത്രം ചിന്തിക്കുകയെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. അഭിനേതാക്കള്‍ക്ക് അവരുടേതായ ചിന്തയില്‍ ഒരു സംഭാഷണം മാറ്റിപ്പറയേണ്ടി വന്നാല്‍ അതിനെല്ലാമുള്ള അവസരം ഈ സിനിമയില്‍ എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. അത്തരമൊരു പരീക്ഷണമാണ് സിനിമയില്‍ ചെയ്തിട്ടുള്ളത്,’

ആര്‍ട്ടിക്കിള്‍ 21 എന്ന സിനിമയിലെ താമരൈ എന്ന കഥാപാത്രത്തെ കുറിച്ചും ലെന സംസാരിച്ചു. താമരൈയെ അവതരിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും സിനിമക്ക് വേണ്ടി ശരീരഭാരം നന്നായി കുറക്കേണ്ടി വന്നെന്നും ലെന പറഞ്ഞു.

‘താമരൈ എന്ന കഥാപാത്രമാകാന്‍ ശരീരഭാരം നന്നായി കുറയ്‌ക്കേണ്ടിവന്നു.
സാജന്‍ ബേക്കറി എന്ന സിനിമയിലെ ബെറ്റ്‌സി എന്ന കഥാപാത്രം ചെയ്തുകഴിഞ്ഞ് അഞ്ച് ദിവസത്തെ മാത്രം ഇടവേളയിലാണ് താമരൈ എന്ന കഥാപാത്രം ചെയ്യേണ്ടി വന്നത്. അഞ്ച് ദിവസം മാത്രം സമയമുള്ളത് കൊണ്ട് പട്ടിണികിടക്കുകയല്ലാതെ മറ്റ് വഴിയൊന്നുമുണ്ടായിരുന്നില്ല. വെള്ളം മാത്രം കുടിച്ചായിരുന്നു അഞ്ച് ദിവസം കഴിഞ്ഞത്. അതിന് ശേഷം മേക്കപ്പ്മാന്‍ റഷീദ് അഹമ്മദ് എന്നില്‍ നടത്തിയ മേക്കോവര്‍ അപാരമായിരുന്നു.

റെയില്‍വേ ട്രാക്കിനരികിലെ മണ്ണില്‍ മുഖമടിച്ച് വീണുകിടക്കുന്ന രംഗമുണ്ട് സിനിമയില്‍. അത് ചെയ്യുമ്പോള്‍ നന്നായി ബുദ്ധിമുട്ടി. മാലിന്യം നിറഞ്ഞ ആ മണ്ണില്‍ ഏറെ നേരം കിടക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അറിയാമല്ലോ. ബീഡിവലിയും മുറുക്കലും ശീലമാക്കിയ ഒരു കഥാപാത്രമാണ് താമരൈ. അതുകൊണ്ട് തന്നെ താമരൈയെ അവതരിപ്പിക്കാനും വല്ലാതെ കഷ്ടപ്പെട്ടു. രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ പത്തുപതിനഞ്ച് ബീഡിയാണ് വലിക്കേണ്ടി വന്നത്. അടയ്ക്കയും പുകയിലയും കൂട്ടി മുറുക്കി എന്റെ നാല് പല്ലുകളാണ് കേടുവന്നത്. അത് ശരിയാക്കാന്‍ രണ്ടു തവണ എനിക്ക് പല്ലില്‍ റൂട്ട് കനാല്‍ ചെയ്യേണ്ടിവന്നു,’ ലെന പറഞ്ഞു.

Content Highlight: Lena talks about olam film