അമല്‍ നീരദ് സിനിമകളായ ബിഗ് ബിയിലും ഭീഷ്മ പര്‍വ്വത്തിലും മമ്മൂട്ടിക്കൊപ്പം ഒന്നിച്ചഭിനയിച്ചിട്ടുള്ള താരമാണ് ലെന. മമ്മൂട്ടിയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ കുറിച്ചും സംസാരിക്കുകയാണ് സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ലെന.
മമ്മൂക്ക എല്ലാവരുടെ അടുത്തും ചെറിയൊരു ഡിസ്റ്റന്‍സ് കീപ് ചെയ്യുന്ന ആളാണെന്നും അങ്ങനെ ആരെയും അടുപ്പിക്കില്ലെന്നും എന്നാല്‍ ഇപ്പൊ കുറേക്കൂടി ചില്‍ഡ് ഔട്ട് ആയിട്ടുണ്ട് എന്നുമാണ് ലെന പറയുന്നത്.
”മമ്മൂക്ക ഫോട്ടോ എടുക്കുമ്പോള്‍ നില്‍ക്കുന്നത് പോലും പേടിച്ചിട്ടാണ് (ചിരി). പക്ഷെ മമ്മൂക്ക ഇപ്പൊ കുറേക്കൂടി ചില്‍ഡ് ഔട്ട് ആയിട്ടുണ്ട്. മുമ്പ് വളരെ സീരിയസായിരുന്നോ എന്ന് എനിക്കറിയില്ല.
പക്ഷെ വര്‍ഷങ്ങളായി നമുക്ക് പുള്ളിയോട് ഒരു ബഹുമാനവും പേടിയും കലര്‍ന്ന ഫീലിങ്ങാണല്ലോ. പിന്നെ മമ്മൂക്ക അങ്ങനെ ഫ്രീയല്ല, എല്ലാവരുടെ അടുത്തും ചെറിയൊരു ഡിസ്റ്റന്‍സ് കീപ് ചെയ്യുന്ന ആളാണ്.
അങ്ങനെ അടുപ്പിക്കില്ല ആരെയും. ഞാനും അങ്ങോട്ട് ഇടിച്ചുകയറി മിണ്ടാത്ത, അടുപ്പം കാണിക്കാത്ത ഒരാളാണ്.
ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂക്കയുടെ അനിയത്തിയായി അഭിനയിച്ചപ്പോള്‍ കുറച്ചുകൂടി ഒരു ഫ്രീഡവും സ്‌പേസും കിട്ടി. പിന്നെ ആ സിനിമയിലെ ഒരു സീനില്‍ മമ്മൂക്ക ആദ്യമായി എന്നെ പ്രശംസിച്ചു.
‘നേരത്തെ അറിയാം’ എന്ന് പറയുന്ന ഒരു സീനുണ്ട്, ലാസ്റ്റ് സീന്‍. അത് ചെയ്ത് കഴിഞ്ഞപ്പോള്‍ മമ്മൂക്ക വന്ന് പറഞ്ഞു, അത് നന്നായിരുന്നു കേട്ടോ, എന്ന്. മമ്മൂക്ക നന്നായി എന്ന് പറയുന്നത് വലിയൊരു സംഭവം തന്നെയാണ്,” ലെന പറഞ്ഞു.
സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ എന്നാലും ന്റെളിയാ ആണ് ലെനയുടെ ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മിനിസ്‌ക്രീന്‍ താരമായിരുന്ന ഗായത്രി അരുണും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്റര്‍ടെയിനറായാണ് ഒരുക്കിയിരിക്കുന്നത്.