| Wednesday, 26th July 2023, 4:17 pm

ആ സിനിമക്കായി അഞ്ചുദിവസം പട്ടിണികിടന്നു, മണിക്കൂറുകള്‍ക്കുള്ളില്‍ പത്തുപതിനഞ്ച് ബീഡി വലിക്കേണ്ടി വന്നു: ലെന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍ട്ടിക്കിള്‍ 21 എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കെടുവെക്കുകയാണ് നടി ലെന. പൗരാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട മനുഷ്യരുടെ ലോകത്തെ കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നും തെരുവുകളില്‍ ആക്രിപെറുക്കി ജീവിക്കുന്ന താമരൈ എന്ന സ്ത്രീ അവളുടെ മകന്റെ ആഗ്രഹം നിറവേറ്റുന്നതിനായി നടത്തുന്ന പോരാട്ടമാണ് സിനിമയെന്നും ലെന പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘നമ്മുടെ തെരുവുകളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിതത്തെ കുറിച്ചാണ് ആര്‍ട്ടിക്കിള്‍ പറയുന്നത്. തെരുവുകളില്‍ ആക്രിപെറുക്കി ജീവിക്കുന്ന താമരൈ എന്ന സ്ത്രീയുടെയും അവളുടെ രണ്ട് മക്കളുടെയും കഥയാണിത്. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോയിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സ്‌കൂള്‍ ബാഗില്‍ നിന്ന് ടിഫിന്‍ ബോക്‌സ് എടുത്ത് ഭക്ഷണം കഴിക്കുകയാണ് മൂത്തകുട്ടി ചെയ്യുന്നത്. എന്നാല്‍, ബാഗില്‍ നിന്ന് കിട്ടിയ പുസ്തകങ്ങളിലാണ് ചെറിയ കുട്ടിയുടെ ശ്രദ്ധ. അവന് ഒട്ടും പരിചിതമല്ലാത്ത ആ ലോകത്തേക്ക് പോകാന്‍ അവനുള്ള തീവ്രമായ ആഗ്രഹവും അത് നിറവേറ്റാനായി താമരൈ നടത്തുന്ന പോരാട്ടവുമാണ് സിനിമ പറയുന്നത്,’ ലെന പറഞ്ഞു.

താമരൈ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും സിനിമക്ക് വേണ്ടി ശരീരഭാരം നന്നായി കുറക്കേണ്ടി വന്നെന്നും ലെന പറഞ്ഞു.

‘താമരൈ എന്ന കഥാപാത്രമാകാന്‍ ശരീരഭാരം നന്നായി കുറയ്‌ക്കേണ്ടിവന്നു.
സാജന്‍ ബേക്കറി എന്ന സിനിമയിലെ ബെറ്റ്‌സി എന്ന കഥാപാത്രം ചെയ്തുകഴിഞ്ഞ് അഞ്ച് ദിവസത്തെ മാത്രം ഇടവേളയിലാണ് താമരൈ എന്ന കഥാപാത്രം ചെയ്യേണ്ടി വന്നത്. അഞ്ച് ദിവസം മാത്രം സമയമുള്ളത് കൊണ്ട് പട്ടിണികിടക്കുകയല്ലാതെ മറ്റ് വഴിയൊന്നുമുണ്ടായിരുന്നില്ല. വെള്ളം മാത്രം കുടിച്ചായിരുന്നു അഞ്ച് ദിവസം കഴിഞ്ഞത്. അതിന് ശേഷം മേക്കപ്പ്മാന്‍ റഷീദ് അഹമ്മദ് എന്നില്‍ നടത്തിയ മേക്കോവര്‍ അപാരമായിരുന്നു.

റെയില്‍വേ ട്രാക്കിനരികിലെ മണ്ണില്‍ മുഖമടിച്ച് വീണുകിടക്കുന്ന രംഗമുണ്ട് സിനിമയില്‍. അത് ചെയ്യുമ്പോള്‍ നന്നായി ബുദ്ധിമുട്ടി. മാലിന്യം നിറഞ്ഞ ആ മണ്ണില്‍ ഏറെ നേരം കിടക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അറിയാമല്ലോ. ബീഡിവലിയും മുറുക്കലും ശീലമാക്കിയ ഒരു കഥാപാത്രമാണ് താമരൈ. അതുകൊണ്ട് തന്നെ താമരൈയെ അവതരിപ്പിക്കാനും വല്ലാതെ കഷ്ടപ്പെട്ടു. രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ പത്തുപതിനഞ്ച് ബീഡിയാണ് വലിക്കേണ്ടി വന്നത്. അടയ്ക്കയും പുകയിലയും കൂട്ടി മുറുക്കി എന്റെ നാല് പല്ലുകളാണ് കേടുവന്നത്. അത് ശരിയാക്കാന്‍ രണ്ടു തവണ എനിക്ക് പല്ലില്‍ റൂട്ട് കനാല്‍ ചെയ്യേണ്ടിവന്നു,’ ലെന പറഞ്ഞു.

Content Highlight: Lena talks about article 21

We use cookies to give you the best possible experience. Learn more