| Wednesday, 4th January 2023, 10:10 am

അഭിനേതാക്കള്‍ വികാര ജീവികളാണ്, അതുകൊണ്ട് ഈ ജോലി ചെയ്യാന്‍ കഴിയില്ല: ലെന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യഥാര്‍ത്ഥ ജീവിതത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കൂടിയായ നടിയാണ് ലെന. എന്നാല്‍ ഒരു ആര്‍ട്ടിസ്റ്റിനും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാകാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. അഭിനേതാക്കള്‍ വികാര ജീവികളാണെന്നും ആക്ഷന്‍ പറഞ്ഞാല്‍ സ്‌പോട്ടില്‍ ചിരിക്കുകയും കരയുകയും ചെയ്യുന്നവരാണെന്നും ലെന പറഞ്ഞു.

ആരെങ്കിലും പ്രശ്‌നങ്ങളും വിഷമവും പറയാന്‍ വന്നാല്‍ അത് കേട്ട് സ്വയം വിഷമിക്കുന്നവരാണ് അഭിനേതാക്കളെന്നും, വിഷമം പറയാന്‍ വരുന്നവരെ സഹായിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും താരം പറഞ്ഞു. അതുകൊണ്ട് തന്നെ നടീനടന്മാര്‍ ഒരിക്കലും സൈക്കോളജിസ്റ്റുകള്‍ ആകരുതെന്നും ലെന പറഞ്ഞു. സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെന ഈ കാര്യങ്ങള്‍ പറഞ്ഞത്.

‘ഒരു ആര്‍ട്ടിസ്റ്റിനും ഒരിക്കലും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിട്ടിരിക്കാന്‍ കഴിയില്ല. ഈ അഭിനേതാക്കള്‍ എന്നുപറയുന്നത് പൊതുവെ വികാര ജീവികളാണല്ലോ. ആക്ഷന്‍ പറഞ്ഞാല്‍ സ്‌പോട്ടില്‍ കരയാനും ചിരിക്കാനുമൊക്കെ പറ്റുന്ന വികാരങ്ങള്‍ വെച്ച് കളിക്കുന്നവരാണ് ഞങ്ങള്‍. ഈ വികാര ജീവികള്‍ പോയിട്ട് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാകരുത്.

വേറെ ഒരാളുടെ പ്രശ്‌നങ്ങളും വിഷമങ്ങളുമൊക്കെ കേട്ടുകൊണ്ടിരുന്നിട്ട് നമ്മള്‍ക്ക് അവരോട് എമ്പതി കൂടും, ഒന്നാമത് വിഷമങ്ങള്‍ പറയുന്നവര്‍ ഡിസ്റ്റേര്‍ബ്ഡാണ്. ഇതൊക്കെ കേട്ട് കഴിയുമ്പോള്‍ നമ്മുടെ അവസ്ഥ അതിലും കഷ്ടമാകും. അങ്ങനെ വരുമ്പോള്‍ അവരെ സഹായിക്കാന്‍ നമുക്ക് കഴിയില്ല. ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാവാന്‍ വേറൊരു തരം മാനസിക ബലമുണ്ടാകണം.

അതുകൊണ്ട് തന്നെ ഇതൊരിക്കലും ഒരു അഭിനേതാവിന് പറ്റുന്ന കാര്യമല്ല. ജനിക്കുമ്പോള്‍ മുതലെ ഒരു ആര്‍ട്ടിസ്റ്റിക് സെന്‍സുള്ള ഒരാള്‍ക്ക് ഇത് ഭയങ്കര ബുദ്ധിമുട്ടായിരിക്കും,’ ലെന പറഞ്ഞു.

അതേസമയം സുരാജ്, സിദ്ദീഖ്, ഗായത്രി അരുണ്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന എന്നാലും ന്റെളിയായാണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ സിദ്ദീഖിന്റെ ഭാര്യയായിട്ടാണ് ലെന അഭിനയിക്കുന്നത്. ഇരുവരും പെയറായിട്ട് അഭിനയിക്കുന്ന 18ാമത്തെ ചിത്രമാണ് എന്നാലും ന്റെളിയാ. സ്നേഹം എന്ന തന്റെ ആദ്യ സിനിമയിലും അദ്ദേഹത്തിന്റെ പെയറായിട്ടാണ് ലെന അഭിനയിച്ചത്.

content highlight: lena talks about actors

Latest Stories

We use cookies to give you the best possible experience. Learn more