| Thursday, 2nd November 2023, 2:54 pm

നിങ്ങളുടെയൊന്നും വീട്ടിൽ അതിക്രമിച്ച് കയറിയല്ലല്ലോ ഞാൻ പറയുന്നത്, ഈ അറിവൊന്നും ഒരു ജന്മം കൊണ്ട് നേടിയതല്ല : ലെന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്ത നടിയാണ് ലെന. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ലെന ഈയിടെ തന്റെ പൂർവ ജന്മത്തെ കുറിച്ച് ഓർമയുണ്ടെന്നും അന്ന് താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്നും ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

ലെനയുടെ ഈ വാദങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആശാസ്ത്രീയമായ കാര്യങ്ങളാണ് ലെന പറയുന്നതെന്ന വിമർശനം ഉയർന്നു വന്ന സാഹചര്യത്തിൽ അതിനെ കുറിച്ച് സംസാരിക്കുകയാണ് ലെന.

വിമർശിക്കുന്നവർ താൻ പറയുന്നത് കേൾക്കണമെന്ന് ഒരു നിർബന്ധവുമില്ല എന്നാണ് ലെന പറയുന്നത്. 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലെന.

‘ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും രാഷ്ട്രീയപരവുമല്ല മതപരവുമല്ല. ഞാൻ ഒരു മതത്തെയും പിന്തുടരാത്ത ഒരാളാണ്. എന്നാൽ എല്ലാ മതക്കാരും എന്റെ ഫാമിലിയിൽ തന്നെയുണ്ട്. അതുകൊണ്ടുതന്നെ എല്ലാ മതങ്ങളുടെയും മതക്കാരുടെയും സൗഹാർദം കണ്ട് വളർന്ന ഒരാളാണ് ഞാൻ. അതുകൊണ്ടാണ് എനിക്ക് വീണ്ടും ഈ കാര്യത്തെക്കുറിച്ച് കൂടുതൽ കൗതുകം തോന്നിയത്. എന്തിനാണ് പല മതങ്ങൾ, എല്ലാം ഒന്നിലേക്ക് തന്നെയല്ലേ എത്തുന്നതെന്ന ചിന്തയിൽ നിന്നാണ് എന്റെ ഈ അന്വേഷണം.

മുൻ ജന്മത്തെ കുറിച്ച് പറയുമ്പോൾ, ആദ്യം നമുക്കൊരു ഐഫോൺ 5 ഉണ്ടായിരുന്നു, അന്ന് നമ്മൾ അതിലെ ഫോട്ടോസ് സ്റ്റോർ ചെയ്യാൻ ഒരു ഐ ക്ലൗട് ആരംഭിച്ചു. കാലങ്ങൾക്കിപ്പുറം ഐ ഫോൺ 15 ൽ എത്തി നിൽക്കുമ്പോൾ ആ ക്ലൗട് സ്റ്റോറേജ് തന്നെയാണ് നമ്മൾ ഉപയോഗിക്കുക. ഒരു പുതിയ ഫോൺ ആണെന്ന് കരുതി എല്ലാം ആദ്യം മുതൽ തുടങ്ങേണ്ട ആവശ്യമില്ല.

അതിനുള്ളിലെ സാധനങ്ങൾ വികസിച്ചു കൊണ്ടേയിരിക്കും. ഈ ഫോണുകളാണ് നമ്മുടെ ശരീരങ്ങൾ, ഈയൊരു കണക്ഷനാണ് അതിനെ ഒരേ ഫോണുകൾ ആകുന്നത്. അങ്ങനെയാണ് മുൻ ജന്മവും. മനസിന് ശരീരവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ നമുക്കെല്ലാവർക്കും ഒരു കഴിഞ്ഞക്കാല ജീവിതമുണ്ട്.

കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു. 63 വയസ്സ് വരെ ജീവിച്ചിരുന്നു. ഞാനിപ്പോൾ പറയുന്ന അറിവുകളൊന്നും ഒരു ജന്മം കൊണ്ട് നേടിയെടുത്തതല്ല. എന്റെ ഇപ്പോഴത്തെ ലൈഫ് ടൈമിൽ എനിക്ക് ഒരുപാട് പ്രാരാബ്ധങ്ങളില്ല. എനിക്ക് ഫാമിലിയെ കുറിച്ചോർത്തോ ബിസിനസിനെ കുറിച്ചോർത്തോ ഒന്നും ഒരു ടെൻഷനുമില്ല.

എന്നെ വിമർശിക്കുന്നവർ ഞാൻ പറയുന്നത് കേൾക്കണമെന്ന് എനിക്കൊരു നിർബന്ധവുമില്ല. അവരിത് മറന്ന് അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. ഞാൻ ആരുടേയും വീട്ടിൽ അതിക്രമിച്ചു കയറിട്ടല്ലല്ലോ ഇതൊന്നും പറയുന്നത്,’ ലെന പറയുന്നു.

Content Highlight: Lena Talk About Her Perspective About Past Life

We use cookies to give you the best possible experience. Learn more