ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ലെന. പ്രേക്ഷകര്‍ക് ലെനയെ സുപരിചിതയാക്കിയത് സീരിയലുകളാണ്. മലയാളത്തില്‍ 100ലധികം സിനിമകളില്‍ അഭിനയിച്ച ലെന തമിഴിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലെനയെ തേടിയെത്തിയിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ ലെന അഭിനയിച്ച ചിത്രങ്ങളിലൊന്നായിരുന്നു മോഹന്‍ലാല്‍ നായകനായ ദേവദൂതന്‍. ചിത്രത്തില്‍ ആനി കുര്യന്‍ എന്ന ചെറിയൊരു കഥാപാത്രത്തെയാണ് ലെന അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിലെ നായികയായാണ് തന്നെ വിളിച്ചതെന്ന് പറയുകയാണ് ലെന. രണ്ടാം ഭാവം എന്ന ചിത്രത്തില്‍ നായികയായ ശേഷം ചെയ്ത ചിത്രമാണ് ദേവദൂതനെന്ന് ലെന പറഞ്ഞു.
രണ്ടാം ഭാവത്തിന് ശേഷം നായികയായി മാത്രമേ അഭിനയിക്കുള്ളൂവെന്ന് തീരുമാനമെടുത്തെന്നും മോഹന്‍ലാലിന്റെ സിനിമയായതിനാല്‍ ദേവദൂതന്റെ കഥ കേട്ടപ്പോള്‍ ഓക്കെ പറഞ്ഞെന്നും ലെന കൂട്ടിച്ചേര്‍ത്തു. ഊട്ടിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടെന്നും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജയപ്രദ ദേവദൂതന്റെ സെറ്റിലേക്ക് വന്നെന്നും ലെന പറഞ്ഞു.
അവര്‍ വന്ന ദിവസം ഷെഡ്യൂള്‍ പാക്കപ്പായെന്നും എല്ലാ ആര്‍ട്ടിസ്റ്റുകളും ഊട്ടിയില്‍ കറങ്ങിനടന്നെന്നും ലെന കൂട്ടിച്ചേര്‍ത്തു. ഷെഡ്യൂള്‍ ബ്രേക്ക് കഴിഞ്ഞപ്പോള്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ തിരുത്തിയെഴുതിയെന്നും ജയപ്രദ പ്രധാനവേഷത്തിലെത്തിയെന്നും ലെന കൂട്ടിച്ചേര്‍ത്തു. കന്നഡ നടി വിജയലക്ഷ്മി ചിത്രത്തിലെ നായകിയായെന്നും തനിക്ക് ഒരു പാട്ട് മാത്രം കിട്ടിയെന്നും ലെന പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ലെന.
‘രണ്ടാം ഭാവം കഴിഞ്ഞ് ഇമ്മീഡിയറ്റായി ചെയ്ത സിനിമയായിരുന്നു ദേവദൂതന്‍. നായിക ഞാനാണെന്നായിരുന്നു ആദ്യം പറഞ്ഞത്. രണ്ടാം ഭാവത്തില്‍ നായികയായതുകൊണ്ട് ഇനിയങ്ങോട്ട് നായികയായി ചെയ്താല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ലാല്‍ സാറും സിബി സാറും ഒന്നിക്കുന്ന പടമെന്ന് കണ്ടപ്പോള്‍ പിന്നെ വേറൊന്നും നോക്കിയില്ല. ഊട്ടിയിലായിരുന്നു ദേവദൂതന്റെ ഷൂട്ട്.
ആദ്യത്തെ സ്‌ക്രിപ്റ്റ് അനുസരിച്ച് ജയപ്രദ ചെറിയൊരു ഗസ്റ്റ് റോളില്‍ വരുന്നുണ്ടായിരുന്നു. ഒരു ദിവസം അവരുടെ പോര്‍ഷന്‍ ചെയ്യാന്‍ ജയപ്രദയെത്തി. അന്ന് ഷെഡ്യൂള്‍ പാക്കപ്പെന്ന് പറഞ്ഞു. വേറെ എങ്ങോട്ടും പോകാനില്ലാത്തതുകൊണ്ട് ഊട്ടിയില്‍ തന്നെ കറങ്ങി നടന്നു. ഷെഡ്യൂള്‍ അവസാനിച്ചപ്പോള്‍ സ്‌ക്രിപ്റ്റ് മൊത്തം തിരുത്തിയിരുന്നു. ഗസ്റ്റ് റോളിലെത്തിയ ജയപ്രദയുടെ ക്യാരക്ടര്‍ വലുതാക്കി. അവരുടെ നീസിനെ നായികയാക്കി. എനിക്ക് അവസാനം ‘പൂവേ പൂവേ പാലപ്പൂവേ’ പാട്ട് മാത്രം കിട്ടി,’ ലെന പറഞ്ഞു.
Content Highlight: Lena saying she was called to do the heroine role in Devadoothan movie