താന്‍ ജന്മനാ ഒരു പഠിപ്പിസ്റ്റും പുസ്തകപ്പുഴുവുമൊക്കെയാണെന്ന് നടി ലെന. ഇതുവരെ പഠിച്ച എല്ലായിടങ്ങളിലും റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ലിസ്റ്റില്‍ തന്റെ പേരുണ്ടെന്നും ലെന മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതൊരു നല്ല സ്വഭാവമാണെന്ന് പറയുന്നില്ലെന്നും ആ സ്വഭാവം ഒരു തരം അഡിക്ഷനാണെന്നും താരം പറഞ്ഞു.
‘ഞാന്‍ ജന്മനാ ഒരു പഠിപ്പിസ്റ്റാണ്. എനിക്ക് പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ താത്പര്യം മറ്റൊന്നിലുമില്ല. പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കണം, അതൊരു അഡിക്ഷനാണ്. എനിക്ക് നിവൃത്തിയില്ലാത്തത് കൊണ്ടാണ്. എന്റെ സ്വഭാവമാണ് എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കുക എന്നത്.
ഒരു ദിവസം പുതിയതായി ഒന്നും പഠിച്ചിട്ടില്ലെങ്കില്‍ അന്ന് ഉറങ്ങാന്‍ പറ്റില്ല. കുട്ടിക്കാലം മുതലേ അങ്ങനെയായിരുന്നു. വെക്കേഷന്റെ അവസാനത്തില്‍ തന്നെ അന്ന് അടുത്ത വര്‍ഷത്തേക്കുള്ള ടെക്‌സ്റ്റ് ബുക്ക് കിട്ടുമായിരുന്നു. ഞാന്‍ പഠിച്ച എല്ലായിടങ്ങളിലും റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ലിസ്റ്റില്‍ എന്റെ പേരുണ്ട്.
ഇതൊരു നല്ല സ്വഭാവമായിട്ടല്ല ഞാന്‍ പറയുന്നത്. ഒരു അഡിക്ഷനാണ്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ റാങ്ക് വാങ്ങിക്കണമെന്നത് നിര്‍ബന്ധമായിരുന്നു എനിക്ക്. ഡിഗ്രിക്ക് അഡ്മിഷന്‍ തരുമ്പോള്‍ അവര്‍ ആകെ പറഞ്ഞത് സിനിമയില്‍ അഭിനയിക്കാന്‍ വിടാം, അറ്റന്റന്‍സ് ആവശ്യത്തിന് വേണം, പക്ഷെ മാര്‍ക്ക് ഒരു കാരണവശാലും ഫസ്റ്റ് ക്ലാസിന് താഴേക്ക് പോകരുത് എന്നുമായിരുന്നു. ആ സമയത്താണ് ഞാന്‍ രണ്ടാംഭാവം, ദേവദൂദന്‍, കൊച്ചുകൊച്ചു സന്തോഷങ്ങള്‍ തുടങ്ങിയവയിലൊക്കെ അഭിനയിക്കുന്നത്.
അന്നൊക്കെ എപ്പോഴും എന്റെ കൈയില്‍ പുസ്തകങ്ങളുണ്ടാകുമായിരുന്നു. ലൊക്കേഷനുകളില്‍ ഇരുന്ന് പഠിക്കും. അഭിനയിക്കുക, തിരിച്ചുവരിക, പഠിക്കുക ഇതായിരുന്നു ലൈന്‍. ലാല്‍ജോസ് ഉള്‍പ്പെടെയുള്ളവര്‍ എന്താണ് ആരോട് ഒന്നും മിണ്ടാത്തത് എന്നൊക്കെ ചോദിക്കുമായിരുന്നു,’ ലെന പറഞ്ഞു.
content highlights; Lena said that she was a brilliant student