ഡയലോഗ് പഠിക്കേണ്ടതെങ്ങനെയെന്ന് ലാലേട്ടൻ പറഞ്ഞുതന്നു; ഇനി എത്ര പേജ് ഡയലോഗ് കിട്ടിയാലും ഞാൻ പറയും: ലെന
Entertainment
ഡയലോഗ് പഠിക്കേണ്ടതെങ്ങനെയെന്ന് ലാലേട്ടൻ പറഞ്ഞുതന്നു; ഇനി എത്ര പേജ് ഡയലോഗ് കിട്ടിയാലും ഞാൻ പറയും: ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd July 2023, 5:09 pm

തന്റെ അഭിനയം കൂടുതൽ വളർത്താൻ സഹായിച്ചത് മോഹൻലാലാണെന്ന് നടി ലെന. സ്പിരിറ്റ് എന്ന ചിത്രത്തിൽ മൂന്ന് പേജോളം വരുന്ന ഡയലോഗ് പഠിക്കാൻ തനിക്ക് ബുദ്ധിമുട്ടായിരുന്നെന്നും അത് എളുപ്പത്തിൽ പഠിക്കാനുള്ള ടെക്നിക് തനിക്ക് പറഞ്ഞ്‌ തന്നത് മോഹൻലാലാണെന്നും ലെന പറഞ്ഞു.

‘എന്റെ അഭിനയം ഏറ്റവും കൂടുതൽ വളർത്താൻ സഹായിച്ചത് ലാലേട്ടനാണ്. നീളമുള്ള ഡയലോഗ് കിട്ടിയാൽ അത് എങ്ങനെയാണ് പഠിക്കേണ്ടത് അല്ലെങ്കിൽ ആക്ടിങ് മെത്തേഡ് പറഞ്ഞ്‌ തന്നത് ലാലേട്ടനാണ്. ശെരിക്കും പറഞ്ഞാൽ ഗുരുവിനെപോലെ തന്നെ.

സ്പിരിറ്റ് എന്ന ചിത്രത്തിൽ ലാലേട്ടൻ ഓപ്പോസിറ്റ് നിൽക്കുന്ന സീനിൽ വലിയൊരു ഡയലോഗ് പറയണം. അത് ശെരിക്കും ഒരു വലിയ ഡയലോഗ് അല്ല. ലാലേട്ടൻ നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ നമ്മൾ നല്ല ആറ്റിറ്റ്യൂഡ് ഇട്ട് സംസാരിക്കുകയും അദ്ദേഹത്തെ ഡയലോഗ് കൊണ്ട് അടിച്ച് താഴ്ത്തുകയും ചെയ്യുന്ന സീൻ ആണ് ഷൂട്ട് ചെയ്യാൻ പോകുന്നത്. എങ്ങനെ ഈ സീൻ അഭിനയിച്ചെടുക്കും എന്ന് എനിക്കറിയില്ലായിരുന്നു. അത് വളരെ ബുദ്ധിമുട്ടുള്ള ഒരു പരിപാടി ആയിരുന്നു. ലാലേട്ടനെപോലെ ഒരാളെ താഴ്ത്തിയിട്ട് നമ്മൾ സുപ്പീരിയർ ആയി വരുന്ന ഒരു സീൻ ശരിക്കും പ്രാക്റ്റിക്കൽ ആയിട്ടുള്ള കാര്യം അല്ല. അഭിനയിക്കുന്നവർക്ക് ചിലപ്പോൾ ആ അവസ്ഥ പറഞ്ഞാൽ മനസിലാകും. ഒരു ലാലേട്ടൻ ഫാൻ കണ്ടാൽ അതോടുകൂടി നമ്മളെ വെറുത്ത് പോകും എന്ന അവസ്ഥയാണ്.

ലൈറ്റ് അപ്പ് നടക്കുകയാണ്. ആ സീൻ രഞ്ജിത്തേട്ടൻ ചൂടപ്പം പോലെ എഴുതി തരും. സീൻ കയ്യിൽ കിട്ടിയപ്പോൾ മൂന്ന് പേജ് ഡയലോഗ്, അത് കണ്ടിട്ട് എന്റെ കിളി പോയി. ഞാൻ പരീക്ഷക്ക് പഠിക്കുന്നപോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

ലാലേട്ടൻ മാറി ഇരിക്കുകയോ കാരവനിൽ പോയിരുന്ന് ഡയലോഗ് നോക്കുകയോ ചെയ്യുന്ന ആളല്ല. എപ്പോഴും അവിടെ തന്നെ കാണും, എല്ലാവരോടും സംസാരിച്ചൊക്കെ നടക്കും. എന്നെ നോക്കിയിട്ട് ‘ഹാലോ ഇങ്ങോട്ട് വാ’ എന്ന് പറഞ്ഞു. എന്താ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതെന്നൊക്കെ ചോദിച്ചു. അപ്പോൾ ഞാൻ ഡയലോഗ് കാണിച്ചുകൊടുത്തു, മൂന്ന് പേജ് ഡയലോഗ് പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു. പുള്ളി അത് വായിച്ച് തന്നപ്പോൾ അച്ചടി ഭാഷയിൽ നിന്നും സാധാരണ ഭാഷയിലേക്ക് മാറിയപോലെ തോന്നി. എന്നിട്ട് എങ്ങനെയാണ് ഡയലോഗ് പഠിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞുതന്നു. ആ നിമിഷം മുതൽ എനിക്കിപ്പോൾ എത്ര പേജ് ഡയലോഗ് തന്നാലും പറയാൻ പറ്റും. അതിനൊരു ടെക്നിക്കുണ്ട്. അതെനിക്ക് പറഞ്ഞുതരാൻ അദ്ദേഹം സമയം മാറ്റിവച്ചു, അദ്ദേഹത്തിന്റെ എളിമ നോക്കണേ,’ ലെന പറഞ്ഞു.

Content Highlights: Lena on Mohanlal