| Tuesday, 31st October 2023, 5:26 pm

സൈക്കോളജിയിൽ പി.ജിയുള്ള ലെനയുടേത് അശാസ്ത്രീയ പ്രസ്താവനകൾ; വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നടി ലെന നൽകിയ അഭിമുഖത്തിലെ മെഡിക്കൽ പരാമർശങ്ങൾ വിവാദത്തിൽ.

ലെന മെഡിക്കൽ വിഷയങ്ങളിൽ നടത്തുന്ന അഭിപ്രായങ്ങൾ അശാസ്ത്രീയമാണെന്ന് ഡോ. ജിനേഷ് പി.എസ് പറയുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന അക്കാദമിക യോഗ്യത ഉണ്ടെന്ന് പറഞ്ഞ് ഇത്തരത്തിൽ അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഡോ. ജിനേഷ് പറഞ്ഞു.

സൈക്യാട്രിക് മരുന്നുകൾ കിഡ്നിയേയും ലിവറിനെയും തലച്ചോറിനെയും നശിപ്പിക്കുമെന്ന ലെനയുടെ വാദങ്ങളെ ഡോ. ജിനേഷ് തന്റെ പോസ്റ്റിൽ തള്ളിക്കളയുന്നു.

ഡിപ്രഷൻ മൂലം ആത്മഹത്യയുടെ വക്കിൽ നിന്ന ലക്ഷക്കണക്കിന് പേരെ സൈക്യാട്രിക് മരുന്നുകൾ രക്ഷിച്ചിട്ടുണ്ടെന്നും സ്റ്റേബിൾ ആയ ശേഷം മെഡിക്കൽ അഡ്വൈസ് പ്രകാരം മരുന്നുകൾ നിർത്തിയവർ ധാരാളമുണ്ടെന്നും ഡോക്ടർ പറയുന്നു. എന്നാൽ ഈ മരുന്നുകൾ കഴിച്ചുതുടങ്ങിയാൽ ഒരിക്കലും നിർത്താൻ പറ്റില്ല എന്നാണ് ലെനയുടെ വാദമെന്ന് ജിനേഷ് പറയുന്നു.

മനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ലെന മനോരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ചും രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഔഷധങ്ങളെ പറ്റിയും മൈഗ്രെയ്‌നെ കുറിച്ചുമൊക്കെ അഭിമുഖത്തിൽ പറയുന്നത് അബദ്ധങ്ങളാണ് എന്ന് പറഞ്ഞ് നിരവധി പേർ രംഗത്ത് വന്നിരുന്നു.

ആത്മഹത്യാ ചിന്തയെ ബുൾഷിറ്റ് എന്ന് പരിഹസിക്കുന്ന ലെനയുടേത് സൈക്കോളജിസ്റ്റിന്റെയോ ശാസ്ത്രം പഠിച്ച വ്യക്തിയുടെയോ ഭാഷയല്ലെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനമുണ്ട്.

ഈഗോ ഇല്ലാതായാൽ മൈഗ്രെയ്ൻ ഇല്ലാതാകുമെന്നും കൊളസ്‌ട്രോൾ കുറക്കുന്ന മരുന്നുകൾ കുഴപ്പം പിടിച്ചതാണെന്നും അഭിമുഖത്തിൽ ലെന പറയുന്നുണ്ട്.

അതേസമയം ഡിഗ്രി കഴിഞ്ഞു ക്ലിനിക്കൽ സൈക്കോളജി കൂടി ഉൾപ്പെടുന്ന രണ്ടുവർഷ ബിരുദാനന്തര ബിരുദം നേടിയാൽ മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആവില്ല എന്നും അതിന് ചികിത്സാ സാഹചര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിലെ രണ്ടുവർഷം പി.ജി അനന്തര പഠനം വേണമെന്നും സമൂഹ മാധ്യമ ചർച്ചകൾ ചൂണ്ടിക്കാട്ടുന്നു.

Content Highlight: Lena makes unscientific opinion about Medicines; Criticism

We use cookies to give you the best possible experience. Learn more