| Thursday, 7th January 2021, 12:03 pm

ആ അപൂര്‍വ മോതിരം വിറ്റു; നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍ക്ക് തുക കൈമാറി ലക്ഷ്മി രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെയ്യാറ്റിന്‍കര: തന്റെ കയ്യിലുണ്ടായിരുന്ന വിലപിടിപ്പുള്ള അപൂര്‍വ മോതിരം വിറ്റു കിട്ടിയ അഞ്ചുലക്ഷം രൂപ എഴുത്തുകാരി ലക്ഷ്മി രാജീവ് നെയ്യാറ്റിന്‍കരയിലെ രാജന്റേയും അമ്പിളിയുടേയും മക്കള്‍ക്ക് കൈമാറി.

ശ്രീ പത്മനാഭ സ്വാമിയെ കൊത്തിവച്ച അപൂര്‍വ മോതിരം വിറ്റുകിട്ടുന്ന തുക, വീട് ഒഴിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച രാജന്‍ അമ്പളി ദമ്പതികളുടെ മക്കള്‍ക്ക് നല്‍കുമെന്ന് നേരത്തെ തന്നെ ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കോഴിക്കോട് സുരഭി മാള്‍ ഉടമ പ്രഭ ഗോപാലനാണ് അപൂര്‍വ്വ മോതിരം വാങ്ങിയത്.

തുടര്‍ന്നാണ് തുകയായ അഞ്ച് ലക്ഷം രൂപ ലക്ഷ്മി രാജീവും മന്ത്രി കടകംപള്ളി സുരേന്ദ്രനും ചേര്‍ന്ന് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തി രാഹുലിനും രഞ്ജിത്തിനും കൈമാറിയത്.

പൂജപ്പുര സ്വദേശി ഗണേഷ് സുബ്രഹ്മണ്യനെന്ന ശില്‍പിയാണ് ഈ അപൂര്‍വ മോതിരമായ അനന്തവിജയം ലക്ഷ്മി രാജീവിന് നല്‍കിയത്.
ലെന്‍സിലൂടെ നോക്കിയാല്‍ ശ്രീ പത്മനാഭ സ്വാമിയെ കാണാന്‍ കഴിയുന്ന തരത്തില്‍ അത്രയ്ക്കു സൂക്ഷ്മമായി നിര്‍മിച്ചതാണ് ഈ മോതിരം.

തന്റെ പക്കലുള്ള അപൂര്‍വ മോതിരം കുഞ്ഞുങ്ങള്‍ക്കായി നല്‍കാന്‍ തയ്യാറാണെന്നും അതീവസമ്പന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ കഴിയുന്ന ഈ മോതിരത്തിന്റെ വില നല്‍കുന്നവര്‍ക്ക് താന്‍ അത് നല്‍കാന്‍ തയ്യാറാണെന്നും ലക്ഷ്മി രാജീവ് പറഞ്ഞിരുന്നു.

ലക്ഷ്മി രാജീവിന്റെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ്

”കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. നെയ്യാറ്റിന്‍കര അനാഥരാക്കപ്പെട്ട കുട്ടികളുടെയും അവരുടെ കണ്മുന്നില്‍ വെന്തുമരിച്ച മാതാപിതാക്കളുടെയും ഓര്‍മ്മ നിങ്ങളെ എല്ലാരേയും എന്നപോലെ എന്നെയും ദുഖിപ്പിക്കുന്നു.

ഇതൊരു മോതിരമാണ്. അതീവ സമ്പന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന ‘അനന്തവിജയം’ എനിക്ക് അതിന്റെ സൃഷ്ടാവ് ഗണേഷ് സമ്മാനമായി തന്നതാണത്. ഹൈനെസ്സ് ശ്രീ മാര്‍ത്താണ്ഡ വര്‍മ്മക്കും മോഹന്‍ലാലിനും മാത്രം സ്വന്തമായിരുന്ന ഈ മോതിരം നിര്‍മ്മിച്ചത് നാനോ ശില്പി ഗണേശാണ്.

പിന്നെയൊരു മോതിരം അതുപോലെ ഉണ്ടാക്കാന്‍ മടിച്ച ഗണേഷിനോട് വീണ്ടും ഒരെണ്ണം ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പറഞ്ഞ സമയത്തിന്റെയോ എന്റെ വിശ്വാസത്തിന്റെയോ കാരണമാകാം അതിനു തുടര്‍ച്ചയായി ലോകത്തു പലയിടത്തു നിന്നും ഈ മോതിരത്തിനു ആവശ്യക്കാരുണ്ടായി.

ഇത് ചേച്ചിക്ക് എന്ന് പറഞ്ഞു ഗണേഷ് എനിക്കിതു സമ്മാനമായി തരുമ്പോള്‍ അതിന്റെ വില അറിയാവുന്ന ഞാന്‍ ഞെട്ടി. ഗണേഷ് ഒരു സാധാരണക്കാരനാണ്. ഞാനതു വാങ്ങി വച്ചു. അപൂര്‍വ അവസരങ്ങളില്‍ അണിഞ്ഞു. ഇതിനുള്ളില്‍ ലെന്‍സിലൂടെ കാണാവുന്ന ലോകത്തെ ഏറ്റവും ചെറിയ പദ്മനാഭസ്വാമി ഉണ്ട്. വിലകൊടുത്തു എനിക്ക് ഇത് ഒരിക്കലും വാങ്ങാന്‍ ആവില്ല. കാണാന്‍ മാത്രമേ ആഗ്രഹിച്ചുള്ളൂ.

ഈ മോതിരം എനിക്കിനി വേണ്ട. ഈ മോതിരം സ്വന്തമായി ഉള്ള ഏക സ്ത്രീ ഞാനാണ്. ഇതിനു അനന്തവിജയം എന്ന പേരും നല്‍കിയത് ഞാനാണ്. ഈ മോതിരം ആര്‍ക്കെങ്കിലും വേണമെങ്കില്‍ പണം തന്നാല്‍ നല്‍കാം. ആ പണം നെയ്യാറ്റിന്‍കരയിലെ മക്കള്‍ക്ക് കൊടുക്കണമെന്ന് ഞാന്‍ ആശിക്കുന്നു.

അവര്‍ക്കു സ്വന്തമായി വരുമാനം ഉണ്ടാകുന്നതു വരെ ആഹാര ചിലവിനു ഈ തുകയുടെ ബാങ്ക് പലിശ മാത്രം മതിയാവും. ഗണേഷിനോട് ഞാന്‍ അനുവാദം ചോദിച്ചില്ല -പക്ഷെ ഗണേഷിനു അത് അഭിമാനം ആകുമെന്ന് എനിക്കറിയാം.

ചേച്ചിക്ക് ഗണേഷിന്റെ സ്നേഹം അനന്തവിജയം തന്നെയാണ്. ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഗണേഷിനെ ബന്ധപ്പെടുക. തുക കുട്ടികളുടെ പേരില്‍ ചെക്ക് ആയി നല്‍കണം. മതിലകം രേഖകളില്‍ ക്ഷേത്രത്തിനു തീപിടിത്തം ഉണ്ടായി ഇലിപ്പ മരത്തില്‍ ചെയ്ത പദ്മനാഭ സ്വാമി വെന്തു പോയതായി അടയാളപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടതിന്റെ നൂറു മടങ്ങു സങ്കടം ഈ ദുരന്തം അറിഞ്ഞപ്പോള്‍ ഉണ്ടായി.

എനിക്ക് വളരെ ഐശ്വര്യമായി തോന്നിയിരുന്നു ഈ മോതിരം. മകള്‍ക്ക് കൊടുക്കാം എന്ന് കരുതി. അത് അതീവ സന്തോഷത്തോടെ ഈ കുട്ടികള്‍ക്ക് നല്‍കാന്‍ ഞാന്‍ ഒരുക്കമാണ്. ധാരാളം പണമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ വാങ്ങുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more