| Thursday, 31st December 2020, 11:27 am

'നെയ്യാറ്റിന്‍കരയിലെ മക്കള്‍ക്ക് വേണ്ടി ഈ അപൂര്‍വ മോതിരം വില്‍ക്കുകയാണ്, ധാരാളം പണമുള്ള ആരെങ്കിലും  വാങ്ങുക'; ലക്ഷ്മി രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍ക്ക് സഹായവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്.

തന്റെ പക്കലുള്ള അപൂര്‍വ മോതിരം കുഞ്ഞുങ്ങള്‍ക്കായി നല്‍കാന്‍ തയ്യാറാണെന്നും അതീവസമ്പന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ കഴിയുന്ന ഈ മോതിരത്തിന്റെ വില നല്‍കുന്നവര്‍ക്ക് താന്‍ അത് നല്‍കാന്‍ തയ്യാറാണെന്നും ലക്ഷ്മി രാജീവ് പറയുന്നു.

”കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. നെയ്യാറ്റിന്‍കര അനാഥരാക്കപ്പെട്ട കുട്ടികളുടെയും അവരുടെ കണ്മുന്നില്‍ വെന്തുമരിച്ച മാതാപിതാക്കളുടെയും ഓര്‍മ്മ നിങ്ങളെ എല്ലാരേയും എന്നപോലെ എന്നെയും ദുഖിപ്പിക്കുന്നു.

ഇതൊരു മോതിരമാണ്. അതീവ സമ്പന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന ‘അനന്തവിജയം’ എനിക്ക് അതിന്റെ സൃഷ്ടാവ് ഗണേഷ് സമ്മാനമായി തന്നതാണത്. ഹൈനെസ്സ് ശ്രീ മാര്‍ത്താണ്ഡ വര്‍മ്മക്കും മോഹന്‍ലാലിനും മാത്രം സ്വന്തമായിരുന്ന ഈ മോതിരം നിര്‍മ്മിച്ചത് നാനോ ശില്പി ഗണേശാണ്.

പിന്നെയൊരു മോതിരം അതുപോലെ ഉണ്ടാക്കാന്‍ മടിച്ച ഗണേഷിനോട് വീണ്ടും ഒരെണ്ണം ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പറഞ്ഞ സമയത്തിന്റെയോ എന്റെ വിശ്വാസത്തിന്റെയോ കാരണമാകാം – അതിനു തുടര്‍ച്ചയായി ലോകത്തു പലയിടത്തു നിന്നും ഈ മോതിരത്തിനു ആവശ്യക്കാരുണ്ടായി.

ഇത് ചേച്ചിക്ക് എന്ന് പറഞ്ഞു ഗണേഷ് എനിക്കിതു സമ്മാനമായി തരുമ്പോള്‍ അതിന്റെ വില അറിയാവുന്ന ഞാന്‍ ഞെട്ടി. ഗണേഷ് ഒരു സാധാരണക്കാരനാണ്. ഞാനതു വാങ്ങി വച്ചു. അപൂര്‍വ അവസരങ്ങളില്‍ അണിഞ്ഞു. ഇതിനുള്ളില്‍ ലെന്‍സിലൂടെ കാണാവുന്ന ലോകത്തെ ഏറ്റവും ചെറിയ പദ്മനാഭസ്വാമി ഉണ്ട്. വിലകൊടുത്തു എനിക്ക് ഇത് ഒരിക്കലും വാങ്ങാന്‍ ആവില്ല. കാണാന്‍ മാത്രമേ ആഗ്രഹിച്ചുള്ളൂ.

ഈ മോതിരം എനിക്കിനി വേണ്ട. ഈ മോതിരം സ്വന്തമായി ഉള്ള ഏക സ്ത്രീ ഞാനാണ്. ഇതിനു അനന്തവിജയം എന്ന പേരും നല്‍കിയത് ഞാനാണ്. ഈ മോതിരം ആര്‍ക്കെങ്കിലും വേണമെങ്കില്‍ പണം തന്നാല്‍ നല്‍കാം. ആ പണം നെയ്യാറ്റിന്‍കരയിലെ മക്കള്‍ക്ക് കൊടുക്കണമെന്ന് ഞാന്‍ ആശിക്കുന്നു.

അവര്‍ക്കു സ്വന്തമായി വരുമാനം ഉണ്ടാകുന്നതു വരെ ആഹാര ചിലവിനു ഈ തുകയുടെ ബാങ്ക് പലിശ മാത്രം മതിയാവും. ഗണേഷിനോട് ഞാന്‍ അനുവാദം ചോദിച്ചില്ല -പക്ഷെ ഗണേഷിനു അത് അഭിമാനം ആകുമെന്ന് എനിക്കറിയാം.

ചേച്ചിക്ക് ഗണേഷിന്റെ സ്‌നേഹം അനന്തവിജയം തന്നെയാണ്. ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഗണേഷിനെ ബന്ധപ്പെടുക. തുക കുട്ടികളുടെ പേരില്‍ ചെക്ക് ആയി നല്‍കണം. മതിലകം രേഖകളില്‍ ക്ഷേത്രത്തിനു തീപിടിത്തം ഉണ്ടായി ഇലിപ്പ മരത്തില്‍ ചെയ്ത പദ്മനാഭ സ്വാമി വെന്തു പോയതായി അടയാളപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടതിന്റെ നൂറു മടങ്ങു സങ്കടം ഈ ദുരന്തം അറിഞ്ഞപ്പോള്‍ ഉണ്ടായി.

എനിക്ക് വളരെ ഐശ്വര്യമായി തോന്നിയിരുന്നു ഈ മോതിരം. മകള്‍ക്ക് കൊടുക്കാം എന്ന് കരുതി. അത് അതീവ സന്തോഷത്തോടെ ഈ കുട്ടികള്‍ക്ക് നല്‍കാന്‍ ഞാന്‍ ഒരുക്കമാണ്. ധാരാളം പണമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ വാങ്ങുക.

സസ്‌നേഹം
ലക്ഷ്മി രാജീവ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Lekshmy Rajeev selling the rare piece of ring for neyyattinkara childrens

We use cookies to give you the best possible experience. Learn more