കേരളത്തിന്റ സാമ്പത്തിക പ്രതിസന്ധി കേന്ദ്രം സൃഷ്ടിച്ചത്: പ്രൊഫ.ലേഖ ചക്രബര്‍ത്തി
Kerala News
കേരളത്തിന്റ സാമ്പത്തിക പ്രതിസന്ധി കേന്ദ്രം സൃഷ്ടിച്ചത്: പ്രൊഫ.ലേഖ ചക്രബര്‍ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2024, 8:42 am

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയല്ലാതെ കേരളം മറ്റൊരു പ്രതിസന്ധിയും നേരിടുന്നില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയിലെ പ്രൊ. ലേഖ ചക്രബര്‍ത്തി. തിരുവനന്തപുരത്ത് ധനമന്ത്രിമാരുടെ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ദേശാഭിമാനിയോട് സംസാരിക്കവെയാണ് അവരുടെ പ്രതികരണം.

കേരളം നേതൃത്വം കൊടുക്കുന്ന കോണ്‍ക്ലേവില്‍ തമിഴ്‌നാട്, തെലുങ്കാന, പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ക്ക് പുറമെ പ്രമുഖ സാമ്പത്തിക വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

‘സംസ്ഥാനത്ത് നിന്ന് പിരിക്കുന്ന നികുതിയും കേന്ദ്രവിഹിതവുമാണ് സംസ്ഥാനങ്ങളുടെ പ്രധാനവരുമാന മാര്‍ഗം. എന്നാല്‍ കേരളത്തിന്റെ കേസ് എടുത്ത് നോക്കുകയാണെങ്കില്‍ നികുതി വഴി ലഭിക്കുന്ന വരുമാനത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയല്ലാതെ കുറവ് സംഭവിച്ചിട്ടില്ല. എന്നാല്‍ കേന്ദ്ര വിഹിതത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.

ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കും. ധനക്കമ്മി 3.5 ശതമാനമായി വിഭാവനം ചെയ്ത സംസ്ഥാനമാണ് കേരളം. എന്നാല്‍ ബജറ്റിന് പുറമെയുള്ള കിഫ്ബി പോലുള്ള സംവിധാനം ഉപയോഗിച്ച് കടം എടുക്കുന്നത് എങ്ങനെയാണ് കടമെടുപ്പ് പരിധിയില്‍പ്പെടുന്നെതെന്ന് മനസ്സിലാവുന്നില്ല. ഇത്തരം അവസ്ഥകള്‍ സംസ്ഥാനത്തിന് വലിയരീതിയിലുള്ള സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്.

കൂടാതെ ശ്രീലങ്കയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും കലാപവും ചൂണ്ടിക്കാണിച്ച് കേരളവും അതുപോലെയാവുമെന്ന് പറഞ്ഞ് കുറച്ചാളുകള്‍ ആശങ്ക പരത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതൊരിക്കലും സംഭവിക്കുന്നില്ല. കാരണം കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ച വായ്പാ ചെലവിനേക്കാള്‍ ഏറെ കൂടുതലാണ്.

അതിനാല്‍ അത്തരം ഒരു അവസ്ഥ ഇവിടെ ഒരിക്കലും ഉണ്ടാകില്ല. രാജ്യത്ത് ഏകദേശം പത്താം ധനകമ്മീഷന്റെ കാലം വരെ വിവിധ നികുതികളില്‍ നിന്നുള്ള കേന്ദ്രവിഹിതം പ്രത്യേകമായിട്ട് തന്നെയാണ് വിതരണം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് വളര്‍ച്ച കുറഞ്ഞ രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഓഹരി നല്‍കുന്ന കേന്ദ്രനയം സാമ്പത്തികമായി മുന്നേറ്റം ഉണ്ടാക്കിയ വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

അതിനുപകരം ചെലവ് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിഹിതം അനുവദിക്കുന്നതാണ് ശരിയായ രീതി. അവിടെയാണ് കേരളത്തിന്റെ ഈ കോണ്‍ക്ലേവിന്റെ പ്രസക്തി വരുന്നത്,’ ലേഖ ചക്രബര്‍ത്തി പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്തെ സഹകരണ ഫെഡറലിസം പ്രതിസന്ധിയിലാണെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലും കോണ്‍ക്ലേവില്‍വെച്ച് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ഏറ്റവും അധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം കേരളമാണെന്നും പ്രതിപക്ഷം ഭരിക്കുന്ന ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കേരളത്തിന് സമാനമായി സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ടെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Lekha Chakraborty blames central government on Financial crisis of Kerala