ജയ്പൂര്‍: നിയമാനുസൃതമായ വിയോജിപ്പുകളെ രാജ്യദ്രോഹമായി കണക്കാക്കാന്‍ കഴിയില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. നിയമത്തോടുള്ള വിയോജിപ്പുകളെ രാജ്യദ്രോഹമായോ ദേശവിരുദ്ധ പ്രവര്‍ത്തനമായോ സാമ്യപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മോംഗയുടേതാണ് പരാമര്‍ശം.
ബി.എന്‍.എസ് സെക്ഷന്‍ 152, 197 സി പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിഖ് പ്രഭാഷകന്‍ തേജേന്ദര്‍ പാല്‍ സിങ്ങിനെതിരെയുള്ള കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. പിന്നാലെ സിഖ് പ്രഭാഷകനെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ കോടതി റദ്ദാക്കുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ത്യയുടെ ഐക്യവും പരമാധികാരവും അപകടത്തിലാക്കുന്നുവെന്നാരോപിച്ചാണ് പ്രഭാഷകനായ തേജേന്ദര്‍ പാല്‍ സിങ്ങിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
ജുഡീഷ്യല്‍ കസ്റ്റഡിയുലുള്ള എം.പി അമൃത്പാല്‍ സിങ്ങിനോട് അനുഭാവം പ്രകടിപ്പിച്ച് ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരണം നടത്തിയെന്നും ഖലിസ്ഥാനെ പിന്തുണക്കുകയും സമാധാനാന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് പ്രഭാഷകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
സംസാരത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ശരിയായ രീതിയില്‍ രൂപപ്പെടുത്തണമെന്ന് പറഞ്ഞ കോടതി പ്രസംഗം, കലാപത്തിനോ മറ്റ് പ്രശ്‌നങ്ങള്‍ക്കോ കാരണമായിട്ടുണ്ടെങ്കിലോ നേരിട്ട് ബന്ധമുണ്ടെങ്കിലോ മാത്രമേ വാദം നിലനില്‍ക്കുകയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു.
കേസിനടിസ്ഥാനമായ ഓഡിയോ-വീഡിയോ സന്ദേശങ്ങളും കോടതി സൂക്ഷ്മമായി പരിശോധിച്ചതായും പ്രസംഗം സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെങ്കിലും സെക്ഷന്‍ 152 പ്രകാരം കേസെടുക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമപരമായ വിമര്‍ശനങ്ങളും വിയോജിപ്പും രാജ്യദ്രോഹമായോ ദേശവിരുദ്ധ പ്രവര്‍ത്തനമായോ സാമ്യപ്പെടുത്താന്‍ സാധിക്കില്ല, 152ാം വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്താനടിസ്ഥാനമായ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
ഇയാള്‍ക്കെതിരെ കുറ്റകരമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ച കോടതി എഫ്.ഐ.ആര്‍, നിയമനടപടികളുടെ ദുരുപയോഗം ചെയ്യലാണെന്നും പറയുകയുണ്ടായി.
Content Highlight: Legitimate dissent and criticism cannot be treated as sedition: Rajasthan High Court