| Saturday, 3rd November 2018, 3:20 pm

സംഭവിച്ചാലും ഇല്ലെങ്കിലും രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കഴിയും: ജസ്റ്റിസ് ചെലമേശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രത്യക നിയമം കൊണ്ടുവരാന്‍ കഴിയുമെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ജെ. ചെലമേശ്വര്‍. രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണെങ്കിലും കേന്ദ്രസര്‍ക്കാറിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ തടസ്സമില്ലെന്ന് ചെലമേശ്വര്‍ പറയുന്നു.

“സംഭവിച്ചാലും ഇല്ലെങ്കിലും നിയമപരമായി അത് സാധ്യമാണ്. കഴിഞ്ഞകാലങ്ങളില്‍ സുപ്രീംകോടതിയുടെ തീരുമാനത്തെ ഒഴിവാക്കാന്‍ നിയമ സംവിധാനങ്ങള്‍ നടത്തിയതൊക്കെ ഓര്‍ത്തുകൊണ്ട് തന്നെയാണ് ഞാന്‍ ഇത് പറയുന്നത്. നേരത്തെ തന്നെ രാജ്യം ഇക്കാര്യം ശ്രദ്ധിക്കേണ്ടിയിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിയമം കൊണ്ടുവന്നാല്‍ നമുക്കതിനെ എതിര്‍ക്കാനാവില്ലെന്നും” ചെലമേശ്വര്‍ പറഞ്ഞു.


കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ സംസാരിക്കുമ്പോഴായിരുന്നു ചെലമേശ്വറിന്റെ പ്രസ്താവന. കാവേരി നദീജല പ്രശ്നത്തില്‍ സുപ്രീംകോടതി നിര്‍ദേശത്തെ മറികടന്ന് കര്‍ണാടക നിയമസഭ നിയമ നിര്‍മ്മാണം നടത്തിയത് ഉദാഹരിച്ചായിരുന്നു ചെലമേശ്വറിന്റെ പ്രസ്താവന.

അതേസമയം, ഡിസംബറില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് രാം ജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി പറഞ്ഞിരുന്നു. ഓര്‍ഡിനന്‍സിനായി കാത്തു നിക്കില്ലെന്നും ഉഭയകക്ഷി സമ്മതത്തോടെ നിര്‍മ്മാണം തുടങ്ങുമെന്നുമായിരുനു വേദാന്തി പറഞ്ഞത്. ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ ശേഷം ലക്നൗവില്‍ മുസ്‌ലിം പള്ളി പണിത് നല്‍കുമെന്നും വേദാന്തി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more