| Saturday, 13th July 2024, 10:43 pm

പാകിസ്ഥാനെ വലിഞ്ഞുമുറുക്കി ഇന്ത്യ; തിരിച്ചടിച്ച് ആദ്യ കിരീടം സ്വന്തമാക്കാന്‍ യുവിയും കൂട്ടരും

സ്പോര്‍ട്സ് ഡെസ്‌ക്

2024 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ചാമ്പ്യന്‍സും പാകിസ്ഥാന്‍ ചാമ്പ്യന്‍സും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ബര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.  ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്.

മത്സരം തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ഷെര്‍ജില്‍ ഖാനെ പുറത്താക്കി ഇന്ത്യ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. അനുരീത് സിങ്ങിന്റെ പന്തില്‍ രാഹുല്‍ ശുക്ലയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. 10 പന്തില്‍ 12 റണ്‍സ് നേടിക്കൊണ്ടായിരുന്നു ഷെര്‍ജില്‍ മടങ്ങിയത്.

ടീം സ്‌കോര്‍ 43 റണ്‍സില്‍ നില്‍ക്കെ സൊഹൈബ് മഖ്‌സൂദിനെയും 68 റണ്‍സില്‍ നില്‍ക്കെ കമ്രാന്‍ അക്മലിനെയും പാകിസ്ഥാന് നഷ്ടമായി. ശുഹൈബ് 12 പന്തില്‍ 21 റണ്‍സ് നേടിയും കമ്രാന്‍ 19 പന്തില്‍ 21 റണ്‍സും നേടിയാണ് പുറത്തായത്. ക്യാപ്റ്റന്‍ യൂനിസ് ഖാന്‍ ഏഴ് റണ്‍സ് നേടിയും മടങ്ങി. മിസ്ബാ ഉള്‍ ഹഖ് 15 പന്തില്‍ 18 റണ്‍സ് നേടി നില്‍ക്കെ റിട്ടയേഡ് ആവുകയായിരുന്നു.

ഒടുവില്‍ ഷോയിബ് മാലിക് ആണ് പാകിസ്ഥാനെ മുന്നോട്ടു നയിച്ചത്. ഷൊയ്ബ് മാലിക് 36 പന്തിൽ 41 റൺസാണ് നേടിയത്. മൂന്ന് സിക്സറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ അനുരീത് സിങ്ങ്മൂന്ന് വിക്കറ്റും പവന്‍ നെഗി, വിനയ് കുമാര്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Legends of World Championship 2024 Final Update

We use cookies to give you the best possible experience. Learn more