| Thursday, 17th October 2024, 8:12 am

നേരിട്ട് കണ്ടവര്‍ക്ക് ഹാര്‍ട്ട് അറ്റാക് വന്ന സൂപ്പര്‍ ഓവര്‍ ഫൈനല്‍; പഴയ സിംഹങ്ങളുടെ ഗര്‍ജനം വീണ്ടും മുഴങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കൊണാര്‍ക് സൂര്യാസിനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തി സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സ്. ബാക്ഷി സ്റ്റേഡിയത്തില്‍ നടന്ന നെയ്ല്‍ ബൈറ്റിങ് ത്രില്ലറില്‍ ഒരു പന്ത് ബാക്കി നില്‍ക്കവെയായിരുന്നു സൂപ്പര്‍ ഓവറില്‍ സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സ് വിജയിച്ചുകയറിയത്.

സിംബാബ്‌വന്‍ കരുത്തില്‍ സൂപ്പര്‍ സ്റ്റാര്‍സ്

മത്സരത്തില്‍ ടോസ് നേടിയ കൊണാര്‍ക് സൂര്യാസ് ബൗളിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ ഇര്‍ഫാന്‍ പത്താന്‍ ആഗ്രഹിച്ച തുടക്കം തന്നെയാണ് ടീമിന് ലഭിച്ചത്. ആദ്യ ഓവറിലെ നാലാം പന്തില്‍ ബ്രോണ്‍സ് ഡക്കായി വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമി പുറത്തായി. ദിവേഷ് പതാനിയയുടെ പന്തില്‍ ബെന്‍ ലാഫിന്ന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

പിന്നാലെ മുന്‍ സിംബാബ്‌വേ സൂപ്പര്‍ താരം ഹാമില്‍ട്ടണ്‍ മസകാദ്‌സയാണ് ക്രീസിലെത്തിയത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്ലിനെ ഒപ്പം കൂട്ടി മസകാദ്‌സ തകര്‍ത്തടിച്ചു. രണ്ടാം വിക്കറ്റില്‍ 76 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

ടീം സ്‌കോര്‍ 77ല്‍ നില്‍ക്കവെ ഗപ്ടില്ലിനെ പുറത്താക്കി ഇര്‍ഫാന്‍ പത്താന്‍ കരുത്തുകാട്ടി. 25 പന്തില്‍ 27 റണ്‍സ് നേടിയാണ് താരം പുറത്തായത്. സൂപ്പര്‍ താരം പവന്‍ നേഗിയാണ് ശേഷം ക്രീസിലെത്തിയത്. മൂന്നാം വിക്കറ്റിലും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി സൂപ്പര്‍ സ്റ്റാര്‍സ് തിളങ്ങി.

18ാം ഓവറിലെ രണ്ടാം പന്തില്‍ പവന്‍ നേഗിയെയും ടീമിന് നഷ്ടമായി. 24 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍ മസകാദ്‌സയെ പുറത്താക്കി ദില്‍ഷന്‍ മുനവീര അവസാന നിമിഷത്തെ ആളിക്കത്തലും ഇല്ലാതാക്കി. 58 പന്തില്‍ 85 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സുമായി സൂപ്പര്‍ സ്റ്റാര്‍സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

സൂര്യാസിനായി മുനവീര നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദിവേഷ് പതാനിയയും ഇര്‍ഫാന്‍ പത്താനും ഓരോ വിക്കറ്റ് വീതവും നേടി.

അടിക്ക് തിരിച്ചടി

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂര്യാസിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ സൂപ്പര്‍ സ്റ്റാര്‍സ് ശ്രദ്ധ ചെലുത്തിയതോടെ സൂര്യാസ് ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞു.

റിച്ചാര്‍ഡ് ലെവി (11 പന്തില്‍ 16), ദില്‍ഷന്‍ മുനവീര (ഒമ്പത് പന്തില്‍ 11). കെവിന്‍ ഒബ്രയന്‍ (24 പന്തില്‍ 14), ഇര്‍ഫാന്‍ പത്താന്‍ (അഞ്ച് പന്തില്‍ മൂന്ന്), ഇംപാക്ട് പ്ലെയറായ കളത്തിലെത്തിയ ജെസി റൈഡര്‍ (14 പന്തില്‍ 11) എന്നിവര്‍ നിരാശപ്പെടുത്തി.

എന്നാല്‍ ആറാം നമ്പറില്‍ യൂസുഫ് പത്താനെത്തിയതോടെ സൂര്യാസ് മത്സരം തിരിച്ചുപിടിച്ചു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകളും ഫോറുകളും പിറന്നപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. പിന്നാലെയെത്തിവര്‍ക്കൊന്നും തന്നെ അക്കൗണ്ട് കുറക്കാനോ ഇരട്ടയക്കം കാണാനോ സാധിക്കാതെ വന്നപ്പോഴും പത്താന്‍ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ അവസാന പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിച്ച പത്താന് പിഴച്ചു. ഒരു റണ്‍സ് ഓടിയെടുത്തെങ്കിലും രണ്ടാം റണ്‍സ് പൂര്‍ത്തിയാക്കാന്‍ താരത്തിനായില്ല. 164/9 എന്ന നിലയില്‍ സൂപ്പര്‍ സ്റ്റാര്‍സ് ഇന്നിങ്‌സ് അസാനിപ്പിച്ചു. മത്സരം സൂപ്പര്‍ ഓവറിലേക്ക്.

38 പന്തില്‍ 85 റണ്‍സുമായാണ് പത്താന്‍ മടങ്ങിയത്. എട്ട് സിക്‌സറും ആറ് ഫോറും ഉള്‍പ്പെടെ 223.68 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് പത്താന്‍ തകര്‍ത്തടിച്ചത്.

സൂപ്പര്‍ സ്റ്റാര്‍സിനായി ചതുരംഗ ഡി സില്‍വ, ഹാമിദ് ഹസന്‍, അബ്ദുള്‍ റസാഖ്, പവന്‍ നേഗി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ത്രില്ലടിപ്പിച്ച സൂപ്പര്‍ ഓവര്‍

സൂപ്പര്‍ ഓവറില്‍ സൂര്യാസാണ് ആദ്യം ബാറ്റ് ചെയ്തത്. പത്താന്‍ ബ്രദേഴ്‌സാണ് ക്രീസിലേക്ക്. സ്‌ട്രൈക്കിലെത്തിയ യൂസുഫ് പത്താന് എന്നാല്‍ സൂപ്പര്‍ ഓവറില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

സൂപ്പര്‍ ഓവറിലെ ആദ്യ പന്ത് തന്നെ നോ ബോളായി. സകല സമ്മര്‍ദവും അതിജീവിച്ച് ഹാമിദ് ഹസന്‍ പന്തെറിഞ്ഞപ്പോള്‍ ഫ്രീ ഹിറ്റ് ഡെലിവെറി ഡോട്ടായി. തുടര്‍ന്നുള്ള രണ്ട് പന്തില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രമാണ് പിറന്നത്.

ഓവറിലെ നാലാം പന്ത് യൂസുഫ് പത്താന്‍ സിക്‌സറിന് തൂക്കിയപ്പോള്‍ തൊട്ടുത്ത പന്തില്‍ പുറത്താവുകയും ചെയ്തു. അവസാന പന്തില്‍ ക്രീസിലെത്തിയ റിച്ചാര്‍ഡ് ലെവി ഫോര്‍ നേടി സ്‌കോര്‍ 13ലെത്തിച്ചു.

14 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍സിനായി ഗപ്ടില്ലും നേഗിയുമാണ് ക്രീസിലെത്തിയത്. പതാനിയ എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്‌സര്‍ നേടിയ ഗപ്ടില്‍ മൂന്നാം പന്തില്‍ പുറത്തായി. അടുത്ത രണ്ട് പന്തുകളിലും സിംഗിള്‍ നേടി ചിരാഗ് ഗാന്ധിയും പവന്‍ നേഗിയും സൂപ്പര്‍ സ്റ്റാര്‍സിന് വിജയം സമ്മാനിക്കുകയായിരുന്നു.

ഹാമില്‍ട്ടണ്‍ മസകാദ്‌സയാണ് കളിയിലെ താരം. ,സൂപ്പര്‍ സ്റ്റാര്‍സിന്റെ തന്നെ മാര്‍ട്ടിന്‍ ഗപ്ടില്ലാണ് ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlight: Legends League Cricket: Southern Super Stars defeated Konark Suryas

Video Stories

We use cookies to give you the best possible experience. Learn more