| Thursday, 7th December 2023, 12:03 pm

ഗെയ്‌ലിന്റെ വെടിക്കെട്ടിനും തുണയ്ക്കാനായില്ല; മോഹങ്ങള്‍ ബാക്കിയാക്കി ഗുജറാത്ത് പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ രണ്ടാം ക്വാളിഫയരിന് യോഗ്യത നേടാന്‍ സാധിക്കാതെ ഗുജറാത്ത് ജയന്റ്‌സ് പുറത്ത്. ഇന്ത്യ ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിന് പരാജയപ്പെട്ടതോടെയാണ് ജയന്റ്‌സ് ഫൈനല്‍ മോഹം ബാക്കിയാക്കി പുറത്തായത്.

മത്സരത്തില്‍ ടോസ് നേടിയ ജയന്റ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറും കിര്‍ക് എഡ്വാര്‍ഡ്‌സും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. 65 റണ്‍സാണ് ഇരുവരും ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

20 പന്തില്‍ 26 റണ്‍സ് നേടിയ എഡ്വാര്‍ഡ്‌സിനെ പുറത്താക്കി സരബ്ജീത് ലദ്ദയാണ് കൂട്ടുകെട്ട് പൊളിച്ചത്.

മൂന്നാം നമ്പറിലിറങ്ങിയ കെവിന്‍ പീറ്റേഴ്‌സണൊപ്പവും ഗംഭീര്‍ സ്‌കോര്‍ ഉയര്‍ത്തി. ടീം സ്‌കോര്‍ 105ല്‍ നില്‍ക്കവെ 26 റണ്‍സ് നേടിയ പീറ്റേഴ്‌സണ്‍ പുറത്തായി. 115ല്‍ നില്‍ക്കവെയാണ് ഗംഭീര്‍ പുറത്താകുന്നത്. ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 30 പന്തില്‍ 51 റണ്‍സാണ് മുന്‍ ഇന്ത്യന്‍ തരം നേടിയത്.

16 പന്തില്‍ 35 റണ്‍സ് നേടിയ ഭരത് ചപ്‌ലിയും 10 പന്തില്‍ 30 റണ്‍സടിച്ച ബെന്‍ ഡങ്കും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സിന് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ജയന്റ്‌സിനായി രജത് ഭാട്ടിയ, റയാദ് എമ്രിട് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സീക്കുഗേ പ്രസന്ന, ശ്രീശാന്ത്, എഷ്‌വാര്‍ ചൗധരി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

223 ഡിഫന്‍ഡ് ചെയ്യാനിറങ്ങിയ ക്യാപ്പറ്റല്‍സിന് നേരിടാനുണ്ടായിരുന്നത് എന്തും തച്ചുതകര്‍ക്കാന്‍ പോന്ന ഗെയ്ല്‍ സ്‌റ്റോമിനെയായിരുന്നു. ബാറ്റിങ് തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ തന്റെ നയം വ്യക്തമാക്കി ഗെയ്ല്‍ ആഞ്ഞടിച്ചു.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഗെയ്ല്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരുന്നു. ജാക് കാല്ലിസും റിച്ചാര്‍ഡ് ലെവിയും അഭിഷേക് ജുന്‍ജുന്‍വാലയും ടോട്ടലിലേക്ക് കാര്യമായി സംഭാവന നല്‍കാതെ മടങ്ങി.

ടീം സ്‌കോര്‍ 86ല്‍ നില്‍ക്കവെ അഞ്ചാം കെവിന്‍ ഒബ്രയന്‍ നമ്പറില്‍ ക്രീസിലെത്തിയതോടെ മത്സരം ഗുജറാത്തിന്റെ കൈകളിലായി. ഒരുവശത്ത് നിന്ന് ഗെയ്ല്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചപ്പോള്‍ അതിലും വേഗത്തില്‍ ഐറിഷ് ലെജന്‍ഡ് ആഞ്ഞടിച്ചു.

86ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് 201ല്‍ നില്‍ക്കവെയാണ് പിരിയുന്നത്. 18ാം ഓവറിലെ അവസാന പന്തില്‍ ഒബ്രയനെ പുറത്താക്കി റസ്റ്റി തെറോണാണ് ക്യാപ്പിറ്റല്‍സിന് ശ്വാസമെടുക്കാനുള്ള സമയം നല്‍കിയത്. 33 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സറും അടക്കം 57 റണ്‍സാണ് താരം നേടിയത്.

ഗുജറാത്തിനെ ഞെട്ടിച്ച് തൊട്ടടുത്ത പന്തില്‍ ഗെയ്‌ലും വീണു. 55 പന്തില്‍ 84 റണ്‍സ് നേടിയാണ് കിരീബിയന്‍ ഹിറ്റര്‍ ആഞ്ഞടിച്ചത്. ഒമ്പത് ഫോറും നാല് സിക്‌സറുമായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

അഞ്ചാം വിക്കറ്റായി ഗെയില്‍ പുറത്താകുമ്പോള്‍ 201 റണ്‍സാണ് ഗുജറാത്തിനുണ്ടായിരുന്നത്. 11 പന്തില്‍ 23 റണ്‍സായിരുന്നു ടീമിന് ജയത്തിനായി വേണ്ടിയിരുന്നത്. എന്നാല്‍ ഈ 11 പന്തില്‍ നിന്നും പത്ത് റണ്‍സ് മാത്രമാണ് ജയന്റ്‌സിന് നേടാന്‍ സാധിച്ചത്.

ഈ ജയത്തോടെ ക്യാപ്പിറ്റല്‍സ് ക്വാളിഫയര്‍ രണ്ടിന് യോഗ്യത നേടി. മണിപ്പാല്‍ ടൈഗേഴ്‌സാണ് എതിരാളികള്‍. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ ഫൈനലില്‍ ഹൈദരാബാദ് അര്‍ബനൈസേഴ്‌സിനെ നേരിടും.

Content Highlight: Legends League Cricket, India capitals defeated Gujarat Giants

We use cookies to give you the best possible experience. Learn more