ടി-20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യരിനെ വാനോളം പുകഴ്ത്തി സൗത്ത് ആഫ്രിക്കന്‍ ലെജന്‍ഡറി പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍. വളരെ അനായാസമായാണ് ശ്രേയസ് അയ്യര്‍ ഷോട്ടുകള്‍ കളിക്കുന്നതെന്നായിരുന്നു ഡെയ്ല്‍ സ്റ്റെയ്‌നിന്റെ അഭിപ്രായം.
‘അവന്റെ കളി മെച്ചപ്പെടുത്താന്‍ ചെറിയ ചെറിയ കാര്യങ്ങള്‍ മാത്രമാണ് മാറ്റാനുള്ളത്. എന്നാല്‍ അവന്റെ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ കാര്യമായ ഒരു മാറ്റവും വരുത്തേണ്ട എന്നാണ് എനിക്ക് തോന്നുന്നത്.
അവനിപ്പോള്‍ അവിശ്വസനീയമായ ഫോമിലാണ് കളിക്കുന്നത്. എതിരാളികളുടെ ഓരോ ഡെലിവറിയും ബീച്ച് ബോള്‍ പോലെയാണ് അവന്‍ കാണുന്നത്,’ സ്‌റ്റെയ്ന്‍ പറഞ്ഞു.
കഴിഞ്ഞ ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്ററായിരുന്നു ശ്രേയസ് അയ്യര്‍. പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്റെ റോളിലും തന്റെ മികച്ച പ്രകടനം താരം കാഴ്ചവെച്ചിരുന്നു.
ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി തികച്ചിരുന്നു. ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ട താരം 111 പന്തില്‍ നിന്നും 113 റണ്‍സായിരുന്നു സ്വന്തമാക്കിയത്.
പ്രോട്ടീസിനെ 99 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ട മൂന്നാം മത്സരത്തിലും ശ്രേയസ് അയ്യര്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 23 പന്തില്‍ നിന്നും 28 റണ്‍സ് നേടിയ അയ്യര്‍ സിക്‌സറടിച്ചുകൊണ്ടായിരുന്നു ഇന്ത്യയെ വിജയിപ്പിച്ചത്.
പരമ്പരയില്‍ ഒരു തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ശ്രേയസ് അയ്യര്‍, 2022ല്‍ ഏറ്റവുമധികം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.