വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ എസ്.എച്ച് റാസ അന്തരിച്ചു
Daily News
വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ എസ്.എച്ച് റാസ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd July 2016, 4:22 pm

ന്യൂദല്‍ഹി: ലോക പ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ സഈദ് ഹൈദര്‍ റാസ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദല്‍ഹിലായിരുന്നു അന്ത്യം. 94 വയസായിരുന്നു. 1950 മുതല്‍ ഫ്രാന്‍സില്‍ കഴിയുന്നു അദ്ദേഹം.

ഇന്ത്യന്‍ ചിത്രകാരനായ എസ്.എച്ച് റാസ 1922 ല്‍ മധ്യപ്രദേശിലെ ബബറിയയിലാണ് ജനിച്ചത്. നാഗ്പൂര്‍ ആര്‍ട് സ്‌കൂളിലും ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലും ചിത്രകലാപഠനം നടത്തിയ റാസ 1950 ല്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചതോടെയാണ് ഫ്രാന്‍സിലെത്തിയത്.

പിന്നീട് തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവുമായി യൂറോപ്പിലാകെ സഞ്ചരിച്ചു. ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രിക്‌സ് ദെ ലാ ക്രിട്ടിക് പുരസ്‌കാരം നേടിയ ആദ്യ വിദേശ പൗരനാണ് ഇദ്ദേഹം. പത്മശ്രീ, പത്മവിഭൂഷന്‍, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം റാസയെ ആദരിച്ചു.

1981 ല്‍ ലളിതകലാ അക്കാദമി ഫെല്ലോ ലഭിച്ചു. ചിത്രകലയെ പ്രോത്സാഹിപ്പിക്കുന്നതിനായി റാസ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 2010 ല്‍ റാസയുടെ സൗരാഷ്ട്ര എന്ന് പേരിട്ട ചിത്രം 16.42 കോടി രൂപയ്ക്കാണ് വിറ്റ് പോയത്. തന്റെ ചിത്രകലാജീവിതത്തിന്റെ അധികകാലവും ഫ്രാന്‍സിലാണ് ചെലവഴിച്ചതെങ്കിലും ജന്മനാടുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.