|

മാസ് മസാലയെന്നും, തല്ലിപ്പൊളിയെന്നും ലെജന്‍ഡ് കണ്ടവര്‍: സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇങ്ങനെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യവസായിയായ ശരവണന്‍ അരുള്‍ നായക വേഷത്തില്‍ എത്തുന്ന ലെജന്‍ഡ് ജൂലൈ 28നാണ് തിയേറ്ററുകളില്‍ എത്തിയത്. അഞ്ച് ഭാഷകളിലായി വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന്റെ ആദ്യ ഷോ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്.

ചിത്രം മാസ് മസാല രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും, സാധാരണ തമിഴ് തട്ടുപൊളിപ്പന്‍ ചിത്രങ്ങളുടെ എല്ലാ ചേരുവകളും ഉള്‍പപെടുത്തിയിട്ടുള്ള ഫെസ്റ്റിവല്‍ മോഡല്‍ ചിത്രമാണ് ലെജന്‍ഡ് എന്നും ചിത്രം കണ്ടവര്‍ പറയുന്നു.

വിജയ് ചിത്രങ്ങളുടെയും പഴയ രജനി ചിത്രങ്ങളുടെയും ചേരുവകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ചിത്രം ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നാണ് ട്വിറ്ററില്‍ പലരും കുറിക്കുന്നത്.

നിരവധി ഫൈറ്റുകളും ഡാന്‍സ് നമ്പറുകളുമുള്ള ചിത്രത്തിലെ ഹാരിസ് ജയരാജിന്റെ സംഗീതത്തെയും പ്രശംസിക്കുന്നവര്‍ ഏറെയാണ്.

പോസിറ്റീവ് റിപ്പോട്ടുകള്‍ക്ക് ഒപ്പം തന്നെ നെഗറ്റീവ് അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ഷോ ഓഫ് എന്നും, മണി ഗിമ്മിക്ക് എന്നും അഭിപ്രായപെടുന്നവരുമുണ്ട്. വെറും തല്ലിപ്പൊളിയാണ് ചിത്രമെന്ന് അഭിപ്രായപെടുന്നവരുമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി ഇരുവരും മാധ്യമങ്ങളെ കണ്ടിരുന്നു.

അതേസമയം ശരവണന്‍ അരുളിന് നേരെ സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയിമിങ്ങും, വ്യക്തിഹത്യയും വ്യാപകമായി തന്നെ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശരീരത്തെയും ലുക്കിനെയും മോശമായി ചിത്രീകരിച്ചാണ് നിരവധി പേര്‍ മോശം കമന്റുകള്‍ പറയുന്നത്.

ശരവണന്‍ അരുള്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ലെജന്‍ഡ്. ജെ.ഡി-ജെറിയാണ് ‘ദി ലെജന്‍ഡ്’ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ശരവണന്റെ സ്വപ്ന പദ്ധതിയാണ് ഈ സിനിമ. 2019ല്‍ ഷൂട്ടിങ്ങ് തുടങ്ങിയ ചിത്രത്തിന് കൊവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്.

2015 മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഹാരിസ് ജയരാജ് സംഗീത സംവിധാനം ചെയ്ത പാട്ടുകള്‍ വലിയ തരംഗമായിരുന്നു. വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ വിജയ്, സ്‌നേഹന്‍ എന്നിവരാണ് പാട്ടുകളെഴുതിയിരിക്കുന്നത്. പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാര്‍, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന്‍ എന്നിങ്ങനെ വലിയ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിര്‍മാണവും ശരവണന്‍ തന്നെയാണ്.

Content Highlight : Legend Movie getting mixed response from audience